sandeep

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതി സന്ദീപ് നായർക്ക് പിടിവീഴാൻ കാരണം ഇയാൾ വീട്ടിലേക്ക് വിളിച്ച ഫോൺകോളെന്ന് സൂചന. ഇന്നലെ സന്ദീപിന്റെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ റെയിഡ് നടത്തിയിരുന്നു. ഈ സമയം സന്ദീപ് സഹോദരനെ വിളിച്ചതാണ് കേസിന് നിർണായകമായത്.

ഫോൺകോൾ ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ആരാണ് വിളിച്ചതെന്ന് തിരക്കിയപ്പോൾ അഭിഭാഷകനാണെന്നാണ് ബന്ധു നൽകിയ മറുപടി. തുടർന്ന് ഫോൺവിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദീപും സ്വപ്നയും പിടിയിലായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇവരിൽ നിന്ന് രണ്ടരലക്ഷം രൂപയും തിരിച്ചറിയൽ രേഖകളും എൻ.ഐ.എയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, സന്ദീപിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. വീട്ടിൽ നിന്ന് സ്വർണം കടത്തിയ ബാഗുകൾ കസ്റ്റംസ് പിടിച്ചെടുത്തതായി സൂചന. വിമാനത്താവളത്തിൽ നിന്ന് സ്വർണം ഏറ്റുവാങ്ങിയ ശേഷം വീട്ടിലെത്തിച്ച് കാർഗോ പൊളിച്ച് സ്വ‌ർണം വേർതിരിക്കുകയായിരുന്നു രീതി. വീടിനടുത്ത് നിന്ന് അഞ്ച് ബാഗുകൾ കിട്ടിയെന്നാണ് സൂചന. 2013 മുതൽ സന്ദീപ് സ്വർണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്​റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 2014ൽ അറസ്​റ്റിലായെങ്കിലും തെളിവില്ലാത്തതിനാൽ ശിക്ഷിക്കപ്പെട്ടില്ല.