മലപ്പുറം:തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.മലപ്പുറം സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്വർണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു.
പിടിയിലായത് പ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുവരെ നടന്നതിൽവച്ചുള്ള ഏറ്റവും നിർണായകമായ അറസ്റ്റാണിതെന്നാണ് സൂചന. എന്നാൽ ഇയാളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെകൂടി കസ്റ്റംസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.
അതേസമയം, ഇന്നലെ എൻ.ഐ.എയുടെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവിലുള്ള ഇരുവരെയും ഇന്ന് കേരളത്തിലെത്തിക്കും. ഇവർ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.