തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ പിടിയിലായ സ്വപ്നസുരേഷും സന്ദീപ് നായരും ബംഗളൂരുവിൽ നിന്ന് നാഗാലാൻഡിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായി സൂചന. നേരത്തേ ഇരുവരും വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പിടിയിലാകുന്നത് ഒഴിവാക്കാൻ ഇരുവരും രൂപമാറ്റം വരുത്താൻ പദ്ധതിയിട്ടിരുന്നതായും സൂചനുണ്ട്.
നാഗാലാൻഡിൽ സന്ദീപിന്റെ സുഹൃത്തിന്റെ റിസോർട്ടിലേക്ക് മുങ്ങാനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് റിപ്പോർട്ട്. അതിനുളള എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നുവത്രേ. പക്ഷേ, ഇതിനിടെ ഫോൺവിളികൾ പാരയാവുകയും പിടിയിലാവുകയും ചെയ്യുകയായിരുന്നു. ഫോൺവിളികൾക്കൊപ്പം ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇവർ അയച്ച സന്ദേശവും അറസ്റ്റിലേക്ക് നയിച്ചു എന്നാണ് അറിയുന്നത്.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബംഗളൂരുവിലെത്തിയത്. സന്ദീപാണ് വാഹനമോടിച്ചെതെന്നാണ് അറിയുന്നത്. ബി ടി എം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികൾ ആദ്യം മുറിയെടുത്തത്. എന്നാൽ ആളുകൾ തങ്ങളെ തിരിച്ചറിയുമെന്ന സംശയത്തിൽ കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓൺലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലിൽ വൈകിട്ട് ആറരയോടെ മുറിയെടുത്ത ഇരുവരും ചെക്ക്-ഇൻ ചെയ്ത് അര മണിക്കൂറിനകം എൻ ഐ എ പിടികൂടുകയായിരുന്നു.