ഭോപ്പാൽ: മാതാപിതാക്കളേയും കാമുകിയേയും പിണക്കാനാകാതെ ഒരേ മണ്ഡപത്തിൽ വച്ച് യുവാവ് വിവാഹം ചെയ്തത് രണ്ട് പേരെ. മാതാപിതാക്കൾ കണ്ടെത്തിയ പെൺകുട്ടിയേയും പ്രണയിനിയേയുമാണ് യുവാവ് വിവാഹം കഴിച്ചത്. ഗ്രാമീണരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
ജൂലായ് എട്ടിന് ബെതുൽ ജില്ലയിലെ കെരിയ ഗ്രാമത്തിൽ നടന്ന ചടങ്ങിലാണ് സന്ദീപ് യുക്ക് എന്ന യുവാവ് രണ്ടുപേരെയും ജീവിതത്തിലേക്ക് കൂട്ടിയത്. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവരുന്ന വിവരമനുസരിച്ച് യുക്ക് ഇപ്പോൾ രണ്ട് സ്ത്രീകളുമായി കുടുംബ ജീവിതം നയിക്കുകയാണ്. പെൺകുട്ടികളിൽ ഒരാൾ ഹോഷംഗാബാദ് ജില്ലയിൽ നിന്നും, മറ്റൊരാൾ ഗോഡഡോംഗ്രി ബ്ലോക്കിലെ കോയലാരി ഗ്രാമത്തിൽ നിന്നുമുള്ളതാണ്.
ഭോപ്പാലിൽ പഠിക്കുമ്പോഴാണ് യുവാവ് ഹോഷങ്കാബാദിൽ നിന്നുള്ള യുവതിയുമായി പ്രണയത്തിലായത്. ഈ സമയംതന്നെ കുടുംബം അവർക്ക് ഇഷ്ടമുള്ള ഒരു പെൺകുട്ടിയെ യുക്കിനായി കണ്ടെത്തി. ഇതോടെ പ്രശ്നമായി. പ്രശ്ന പരിഹാരത്തിനായി പെൺകുട്ടികളുടെയും യുവാവിന്റെയും കുടുംബങ്ങൾ പഞ്ചായത്തിൽ യോഗം ചേർന്നു.
രണ്ട് സ്ത്രീകളും യുകെയോടൊപ്പം ഒരുമിച്ച് ജീവിക്കാൻ തയ്യാറായതോടെ വിവാഹം നടക്കുകയായിരുന്നു. അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏതെങ്കിലും തരത്തിലുള്ള ചടങ്ങ് സംഘടിപ്പിക്കാൻ ഭരണകൂടത്തിന്റെ അനുമതി വാങ്ങേണ്ടത് ആവശ്യമാണ്. എന്നാൽ വിവാഹത്തിന് അത്തരമൊരു അനുമതി തേടിയിട്ടില്ലെന്നും, നൽകിയിട്ടില്ലെന്നും ഗോഡഡോംഗ്രി തഹസിൽദാർ മോണിക്ക വിശ്വകർമ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ അയയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.