തിരുവനന്തപുരം : സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും. ശിവശങ്കറിന് സ്വപ്നയ്ക്ക് പുറമെ സന്ദീപുമായും സരിത്തുമായും അടുത്ത ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചിരുന്നു. പല സ്ഥലങ്ങളില്‍ ഇവർ ഒത്തു ചേർന്നതായും കണ്ടെത്തി. ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാനും സർക്കാർ നീക്കമുണ്ടെന്നാണ് സൂചന.
ശിവശങ്കറിന്റെ വീട് കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നതായായാണ് സന്ദീപ് നായരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കസ്റ്റംസിന് കിട്ടിയ വിവരം. ശിവശങ്കർ പല തവണയായി പലയിടത്ത് വച്ചും മേൽപറഞ്ഞ മൂന്ന് പ്രതികളെ കണ്ടതായുള്ള തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സന്ദീപിനെയും ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ഇന്നലെ ബംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. എൻ.ഐ. എ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ബംഗളുരു പൊലീസിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെയാണ് സ്വപ്നയെ പിടികൂടിയത്.കൊച്ചി എൻ.ഐ.എ യൂണിറ്റിലെ ഉദ്യോഗസ്ഥൻ ബംഗളൂരുവിലെത്തി സ്വപ്നയെ രാത്രിയിൽ ചോദ്യം ചെയ്തിരുന്നു.