തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ സ്വപ്നസുരേഷിനയും സന്ദീപിനെയും എൻ ഐ എ സംഘം മെഡിക്കൽ പരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കുമായി ആലുവാ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രതികളുടെ പരിശോധന പൂർത്തിയാക്കിയശേഷം അല്പസമയത്തിനകം എൻ ഐ എ ആസ്ഥാനത്തെത്തിക്കും. രാവിലെ പതിനൊന്നരയോടെയാണ് ഇവരുമായുളള വാഹനം വാളയാർ ചെക്പോസ്റ്റിൽ എത്തിയത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് വാഹനം ചെക്പോസ്റ്റ് കടന്നത്. ഇന്നുപുലർച്ചെ അഞ്ചുമണിയോടെയാണ് സംഘം യാത്ര തുടങ്ങിത്.വാളയാറിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.മാദ്ധ്യമങ്ങളുൾപ്പെടെ വൻപടയും ചെക്പോസ്റ്റിൽ എത്തിയിരുന്നു.
ഇന്നലെയാണ് ബംഗളൂരുവിൽ ഇരുവരും പിടിയിലായത്. ഇവിടെ ഹോട്ടലിൽ താമസിച്ചശേഷം നാഗാലാഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നാഗാലാൻഡിൽ സന്ദീപിന്റെ സുഹൃത്തിന്റെ റിസോർട്ടിലേക്ക് മുങ്ങാനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് റിപ്പോർട്ട്. അതിനുളള എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നുവത്രേ. പക്ഷേ, ഇതിനിടെ ഫോൺവിളികൾ പാരയാവുകയും പിടിയിലാവുകയും ചെയ്യുകയായിരുന്നു. ഫോൺവിളികൾക്കൊപ്പം ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇവർ അയച്ച സന്ദേശവും അറസ്റ്റിലേക്ക് നയിച്ചു എന്നാണ് അറിയുന്നത്.എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബംഗളൂരുവിലെത്തിയത്. സന്ദീപാണ് വാഹനമോടിച്ചെതെന്നാണ് അറിയുന്നത്. ബി ടി എം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികൾ ആദ്യം മുറിയെടുത്തത്. എന്നാൽ ആളുകൾ തങ്ങളെ തിരിച്ചറിയുമെന്ന സംശയത്തിൽ കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓൺലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലിൽ വൈകിട്ട് ആറരയോടെ മുറിയെടുത്ത ഇരുവരും ചെക്ക്-ഇൻ ചെയ്ത് അര മണിക്കൂറിനകം എൻ ഐ എ പിടികൂടുകയായിരുന്നു.