തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പേര് പുറത്തുവന്നതിന് പിന്നാലെ, കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമിക്കുന്ന സ്വപ്നയുടെ വീടിനെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു. വീട് നിർമ്മാണത്തിന് അനധികൃതമായാണ് നഗരസഭയിൽ നിന്ന് സ്വപ്ന പെർമിറ്റ് സ്വന്തമാക്കിയതെന്ന ആക്ഷേപം ശക്തമാകുകയാണ്.
തലസ്ഥാന നഗരത്തിന്റെ ഹൃദ്യഭാഗത്ത് അച്ഛന്റെ പേരിലുണ്ടായിരുന്ന വസ്തു 2009 ലാണ് സ്വപ്നയുടെ പേരിൽ എഴുതി നൽകിയത്. ഈ സ്ഥലത്ത് 4500 സ്‌ക്വയർ ഫീറ്റിലാണ് സ്വപ്നയുടെ 'സ്വപ്ന ഭവനം' ഒരുങ്ങുന്നത്. മൂന്ന് മാസം മുമ്പായിരുന്നു തറക്കല്ലിടൽ. ചടങ്ങിൽ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നതായി പ്രദേശവാസികൾ പറയുന്നു. കൂടാതെ ചടങ്ങിന് ശേഷം ഒരു ആഡംബര ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചു.
എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട് പണി നീണ്ടുപോയി. സ്വർണക്കള്ളക്കടത്തു കേസിലെ പ്രതിയായ സരിത്തിന്റെ ബന്ധുവിനാണ് വീട് നിർമാണത്തിന്റെ കരാർ നൽകിയത്. പാതിവഴിയിൽ നിന്നുപോയ പണി വീണ്ടും ആരംഭിക്കാൻ നോക്കുമ്പോഴേക്ക് പിടിയിലുമായി.