കൊവിഡ് വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് ഏറെ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിന് പരിഹാരമായി നാട്ടുകാർ ചേർന്ന് ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് വരവേറ്റത്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നെൾസൺ ജോസഫ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സന്തോഷമായി :)
പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്, ചേർത്തുനിർത്തിക്കൊണ്ടേ വിജയിക്കാൻ സാധിക്കൂ എന്ന് കരുതുന്ന ഒരാളാണ് ഞാൻ.
മാർച്ച് 25ന് ലോക്ക് ഡൗൺ ആരംഭിച്ചതാണ്. അന്ന് കേരളത്തിൽ തിരുവനന്തപുരം തൊട്ട് കാസർഗോഡ് വരെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കി ഒന്നിച്ചു നിന്നിരുന്നു.
അങ്ങനെ സഹകരിച്ചതുകൊണ്ടുകൂടിയാണ് മെയ് മാസത്തിലെ ആദ്യ ആഴ്ചയിൽ അഞ്ച് ദിവസം പൂജ്യം കേസുകൾ റിപ്പോർട്ട് ചെയ്തത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
അതുകൊണ്ട് തന്നെ അതിൽ നിന്ന് വ്യതിചലിക്കുന്ന അവസരങ്ങളോട് യോജിക്കാനും കഴിയാറില്ല. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളിൽ വളരെയേറെ ദുഖം തോന്നിയിരുന്നു.
അതുകൊണ്ടുതന്നെയാവണം, ഇന്ന് ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ട്.
പൂന്തുറ നിവാസികൾ അവിടേക്ക് ചെല്ലുന്ന ആരോഗ്യപ്രവർത്തകരെ സ്വീകരിക്കുന്ന ദൃശ്യങ്ങളാണ്. ഒരു പൂ ചോദിച്ചപ്പൊ ഒരു പൂക്കാലം തന്നെ തരുന്നതുപോലെ.
കെട്ടിടങ്ങളുടെ മുകളിൽ നിന്നും വഴിയരികിൽ നിന്നുമെല്ലാം പുഷ്പവൃഷ്ടി നടത്തിക്കൊണ്ട്...
പൂന്തുറയെന്നത് പൂക്കളുടെ തുറയോ പൂക്കളുണ്ടായിരുന്ന തുറയോ ആണെന്ന് കരുതുന്നു...സ്നേഹത്തിൻ്റെ പൂക്കൾ.
പ്രശ്നപരിഹാരത്തിനായി പരിശ്രമിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും നന്ദി
ഈ യുദ്ധം നമ്മൾ ഒന്നിച്ച് പൊരുതി ജയിക്കും :)
(PS: പുഷ്പവൃഷ്ടിയും സോഷ്യൽ ഡിസ്റ്റൻസിങ്ങിനു വിരുദ്ധമാവുമ്പൊ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് ഒരു അഭിപ്രായമുണ്ട്...
നിർദേശങ്ങൾ അനുസരിക്കുന്നതാണ് ലഭിക്കാവുന്ന ഏറ്റവും നല്ല പൂക്കൾ ഈ അവസരത്തിൽ)