swapna

കൊച്ചി: സ്വർണക്കടത്തുകേസിൽ ഇന്നലെ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ ഐ എ സംഘം കൊച്ചിയിലെത്തിച്ചു. ഇരുവരെയും കൊച്ചിയിലെ എൻ ഐ ഐ ഓഫീസിലെത്തിച്ചു. ഉടൻതന്നെ ഇവരുടെ ചോദ്യം ചെയ്യൽ ആരംഭിക്കും. ഇതിനായി റോ അടക്കമുള‌ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതികൾ എല്ലാവരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യുക എന്നാണറിയുന്നത്. സ്വപ്നയെയും സന്ദീപിനെയും ഇന്ന് വൈകുന്നേരത്തോടെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കും എന്നാണ് ലഭിക്കുന്ന വിവരം. ഒരുമണിയോടെ സ്വപ്നയെയും സന്ദീപിനെയും കൊവിഡ് പരിശോധനയ്ക്കും മെഡിക്കൽ പരിശോധനയ്ക്കുമായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.


പ്രതിഷേധപ്രകടനങ്ങൾ ഉണ്ടാവുമെന്ന് ഭയന്ന് എൻ ഐ ഐ ഓഫീസിലും പരിസരത്തും ശക്തമായ പൊലീസ് ബന്തവസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള‌ള ആരെയും ഓഫീസ് പരിസരത്തേക്ക് കടത്തിവിടുന്നില്ല.

congress

ഇന്നലെയാണ് സ്വപ്നയും സന്ദീപും ബംഗളൂരുവിൽ അറസ്റ്റിലായത്. ഇവരുമായി ഇന്നുപുലർച്ചെയാണ് എൻ ഐ ഐ സംഘം കേരളത്തിലേക്ക് തിരിച്ചത്. പതിനൊന്നരയോടെ സംഘം വാളയാർ ചെക്പോസ്റ്റുകടന്നു. പ്രതികളെ കാണാനായി റോഡുവക്കിൽ ജനക്കൂട്ടമുണ്ടായിരുന്നു.

എന്നാൽ വടക്കൻഞ്ചേരിക്കുസമീപത്തുവച്ച് സ്വപ്നയുമായി എത്തിയ വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് സന്ദീപുമായി എത്തിയ വാഹനത്തിലേക്ക് സ്വപ്നയെ മാറ്റിയശേഷം സംഘംയാത്ര തുടരുകയായിരുന്നു. തുണികൊണ്ട് മുഖംമറച്ചിരിക്കുകയായിരുന്നു സ്വപ്ന. വഴിനീളെ കേരളപൊലീസ് എൻ ഐ എ സംഘത്തിന് സുരക്ഷയൊരുക്കിയിരുന്നു.