ജയ്‌പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ വിശ്വസ്തരായ എം എൽ എമാർക്കൊപ്പം ഡൽഹിയിലെത്തിയതായി റിപ്പോർട്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ നേരത്തേ തന്നെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയിൽ സച്ചിൻ വ്യക്തമാക്കിയിരുന്നു.
സച്ചിൻ പൈലറ്റ് ഇന്നുതന്നെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്. തനിക്കൊപ്പം 23 എം എൽഎമാരുണ്ടെന്നാണ് സച്ചിന്റെ അവകാശവാദം. ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നത മൂലം മദ്ധ്യപ്രദേശിലേതുപോലെ സംസ്ഥാനത്തും അധികാരം കൈവിട്ടുപോകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. അധികാരം പിടിച്ചെടുക്കാൻ ബി ജെ പി ശ്രമിക്കുന്നതായും എം എൽ എമാർക്ക് 15 കോടി രൂപയും ചിലർക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തിയത്. ഇതിനിടെ സച്ചിൻ പൈലറ്റ് ഉൾപ്പടെയുള്ള ഇരുപതിലധികം എം എൽ എമാർ ബി ജെ പിയിൽ ചേരുന്നു എന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ഇതിനോട് പാർട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ സംസ്ഥാനത്ത് വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും നേതാക്കൾ തമ്മിലുളള ചെറിയ തർക്കങ്ങൾ മാത്രമാണെന്നുമാണ് പാർട്ടിനേതാക്കൾ പറയുന്നത്.എല്ലാവരെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.