മുംബയ്: ബോളിവുഡ് താരം അനുപം ഖേറിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. അനുപം ഖേറിന്റെ അമ്മ ദുലാരി, സഹോദരന്‍ രാജു, സഹോദര ഭാര്യ, അവരുടെ മകള്‍ എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും കുടുംബത്തിലെ മറ്റു അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതായി അനുപം ഖേര്‍ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. എന്നാല്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനുപം ഖേറിന്റെ അമ്മയെ മുംബയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ ബാക്കിയുള്ളവരെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അമ്മയ്ക്ക് കുറച്ച് ദിവസമായി സുഖമില്ലായിരുന്നുവെന്നും ഇതോടെയാണ് രക്തപരിശോധന നടത്തി രോഗം സ്ഥരീകരിച്ചതെന്നും അനുപം പറഞ്ഞു.ബോളിവുഡ് ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അനുപം ഖേറിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച വിവരം പുറത്ത് വന്നത്.ശനിയാഴ്ചയാണ് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരെയും ആരോഗ്യനില തൃപ്തികരമാണ്.മുംബെയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോളിവുഡ് പ്രമുഖർക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്.