പൂന്തുറ പ്രദേശവാസികൾ കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്ക് നേരെ നടത്തിയ പ്രതിഷേധവും പെരുമാറ്റവും വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ആരോഗ്യപ്രവർത്തകർക്ക് നേരെ ചുമയ്ക്കുയും തുപ്പുകയുമൊക്കെ ചെയ്തത് ഏറെ ആശങ്കയ്ക്കിടയാക്കി. എന്നാൽ ഇപ്പോഴിതാ പൂന്തുറയിലെ ജനങ്ങൾ പ്രദേശത്ത് ഇന്ന് ജോലിക്കെത്തിയ ആരോഗ്യ പ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കിയ സ്വീകരണത്തില്‍ മുഖ്യമന്ത്രിയും സന്തോഷവും നന്ദിയും അറിയിച്ചു. സൂപ്പര്‍ സ്‌പ്രെഡിനെത്തുടര്‍ന്ന് കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തന്‍തോപ്പ് വാര്‍ഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയില്‍ സഹകരിച്ചു വന്നവരായിരുന്നെന്നും ചില ദുഷ്ടശക്തികള്‍ തെറ്റിദ്ധാരണ പരത്തി ആ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നു രാവിലെ സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു അത്. അതു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നുകയുണ്ടായി. സൂപ്പർ സ്പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിൻ്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു.
ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണ മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്.
സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ട്.