ചണ്ഡീഗഡ്: ബിരുദപഠനം പൂർത്തിയാക്കിയാലുടൻ പെൺകുട്ടികൾക്ക് പാസ്പോർട്ട് കൈയിൽ കിട്ടും. ഹരിയാന സർക്കാരാണ് ഈ പുതിയ ഐഡിയയുമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോർട്ട് ലഭിക്കാനുളള എല്ലാ നടപടികളും പഠിക്കുന്ന കോളേജിൽ വച്ചുതന്നെ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സ്കൂൾ, കോളേജ്, ഐ ഐ ടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ലേണിംഗ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്നതിനോടൊപ്പം വാഹനമോടിക്കാനുള്ള ലൈസൻസ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഹെൽമറ്റ് നിർമാണക്കമ്പനിയായ സ്റ്റഡുമായി സഹകരിച്ച് പാർലമെന്റംഗം സഞ്ജയ് ഭാട്ടിയയാണ് ഹെൽമറ്റ് വിതരണപരിപാടി സംഘടിപ്പിച്ചത്.