
ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ ഗുണ്ടാ തലവന്‍ വികാസ് ദുബേയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വെടിവച്ച് കൊലപ്പെടുത്തുകയും ചെയത സംഭവം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നാലെ വികാസ് ദുബേയുടെ കഥ സിനിമയാക്കുന്നുവെന്നും മനോജ് വാജ്‌പേയി നായകനാകുമെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
വികാസ് ദുബേയുടെ വേഷത്തിൽ നടൻ മനോജ് ബാജ്‌പേയ് എത്തും എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച അഭ്യൂഹം. ഇത്തരം വ്യാജ റിപ്പോർട്ടുകൾക്കെതിരെ മനോജ് തന്നെ രംഗത്ത് എത്തി. 'തെറ്റായ വാർത്ത' എന്ന കുറിപ്പാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്. വ്യാജ വാർത്തയുടെ ലിങ്കും അദ്ദേഹം ട്വീറ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ കാൺപുരില്‍ ഡി.വൈ.എസ്.പി. ഉള്‍പ്പെടെ എട്ടു പൊലീസുകാരെയാണ് വികാസ് ദുബേ കൊലപ്പെടുത്തിയത്. തന്റെ വീടിനുമുന്നിൽ ജെ.സി.ബി യന്ത്രം സ്ഥാപിച്ചാണ് തന്നെ പിടികൂടാനെത്തിയ പൊലീസുകാരെ വികാസ് തടഞ്ഞത്. പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കത്തിച്ച് തെളിവുനശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍വച്ച് അറസ്റ്റിലായ വികാസ് ദുബേ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.