വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് മരണം 1,38,000 പിന്നിട്ടതോടെ, പൊതുഇടങ്ങളിൽ മാസ്ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞദിവസം സൈനിക ആശുപത്രി സന്ദർശിക്കാനെത്തിയപ്പോഴാണ് ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്.
പ്രസിഡൻഷ്യൽ സീലുള്ള കറുത്ത മാസ്‌ക് ധരിച്ചാണ് ട്രംപ് വാൾട്ടർ റീഡ് മിലിട്ടറി ആശുപത്രിയിലെത്തിയത്. പരിക്കേറ്റ സൈനികരെയും കൊവിഡ് പ്രതിരോധ പ്രവർത്തകരെയും അദ്ദേഹം സന്ദർശിച്ചു.
'' ഞാൻ ഒരിക്കലും മാസ്‌കിന് എതിരല്ല, എന്നാൽ അതിന് സമയവും സന്ദർഭവുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ആശുപത്രി സന്ദർശിച്ച് അവിടുള്ള അന്തേവാസികളുമായി സംസാരിക്കുമ്പോൾ മാസ്ക് ധരിക്കുന്നത് നല്ലതാണ്. പട്ടാളക്കാരിൽ ചിലർ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നതേ ഉണ്ടാവുകയുള്ളു. അവരുമായി സംസാരിക്കുമ്പോൾ മാക്സ് നല്ലതാണെന്നും ട്രംപ് പ്രതികരിച്ചതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ മാസ്‌ക് ഒരവശ്യ വസ്തുവായി കണക്കാക്കുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ മാസ്‌കോ മറ്റ് മുഖാവരണമോ ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടും മാസ്‌ക് ധരിക്കാൻ ട്രംപ് കൂട്ടാക്കിയിരുന്നില്ല.