കാഡ്മണ്ഠു: നേപ്പാളിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന അതിശക്തമായ മഴയിൽ മരണമടഞ്ഞവരുടെ എണ്ണം 37 ആയി. ഇന്നലെ മാത്രം 15 പേരാണ് പടിഞ്ഞാറൻ നേപ്പാളിലെ മ്യാഗ്‌ദി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടത്. ആരുടെയും മൃതദേഹം ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. വെള്ളിയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ മഴയിലും മണ്ണിടിച്ചിലിലും 22 പേർക്ക് ജീവൻ നഷ്ടമായിരുന്നു. നാരായണി ഉൾപ്പെടെ നേപ്പാളിലെ പ്രധാന നദികളെല്ലാം ശക്തമായ മഴയിൽ കരകവിഞ്ഞ് ഒഴുകുകയാണ്. സൈന്യം ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന ദൗത്യം നേപ്പാളിലെ പല ഭാഗത്തും ആരംഭിച്ചിട്ടുണ്ട്. മഴ ഇതേ രീതിയിൽ മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. മഴ ഇനിയും തുടർന്നാൽ അത്യാഹിതങ്ങളുടെ എണ്ണവും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. രാഷ്ട്രീയമായി ഏറെ കലുഷിതമായിരിക്കുന്ന, കൊറോണയിൽ ഏറെ വലയുന്ന നേപ്പാളിന് മഴയും ഉരുൾപൊട്ടലും ഇരട്ടി ദുരിതം വിതയ്ക്കുകയാണ്.