ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വിൻഡീസിന് വിജയം
കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ മത്സരത്തിലെ വിജയം
സതാംപ്ടൺ : കൊവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ അവിസ്മരണീയ വിജയം നേടി വെസ്റ്റ് ഇൻഡീസ്. അവസാന ദിവസം ഇംഗ്ളണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 200 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് നാല് വിക്കറ്റുകൾ ബാക്കിനിറുത്തിയാണ് വിജയം കണ്ടത്. 95 റൺസടിച്ച ബ്ളാക്ക്‌വുഡാണ് വിൻഡീസിന്റെ ചരിത്രചേസിംഗിന് നട്ടെല്ലായത്.
അവസാന ദിവസമായ ഇന്നലെ രാവിലെ ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 313 റൺസിൽ ഒതുങ്ങിയതോടെയാണ് വിജയലക്ഷ്യം 200 റൺസായി കുറിക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 204 റൺസിൽ ആൾഒൗട്ടായിരുന്നു. വിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 318 റൺസാണ് അടിച്ചെടുത്തിരുന്നത്.
284/8 എന്ന സ്കോറിലാണ് നാലാംദിനം ഇംഗ്ളണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചിരുന്നത്. ഇന്നലത്തെ എട്ടാം ഒാവറിലാണ് ആതിഥേയർ ആൾ ഒൗട്ടായത്. 23 റൺസെടുത്ത കരീബിയൻ വംശജനായ ജൊഫ്ര ആർച്ചറാണ് 300 കടക്കാൻ ഇംഗ്ളണ്ടിനെ തുണച്ചത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ടിന് വേണ്ടി റോറി ബേൺസ്(42), ഡോം സിബിലി (50), സാക്ക് ക്രാവ്‌ലി(76), ബെൻ സ്റ്റോക്സ് (46) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിനെ മുൻനിരയിലെ മൂന്ന് ബാറ്റ്സ്മാന്മാരെ ഒറ്റയക്കത്തിൽ പുറത്താക്കി ഇംഗ്ളണ്ട് വീര്യം കാട്ടിയെങ്കിലും റോൾട്ടൺ ചേസ് (37),ബ്ളാക്ക് വുഡ് (95),ഡോർവിച്ച് (20) എന്നിവരുടെ ബാറ്റിംഗാണ് സന്ദർശകരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.തുടക്കത്തിലേ ക്യാംപ്ബെൽ (1*) പരിക്കേറ്റ് മടങ്ങിയിരുന്നു.തുടർന്ന് ബ്രാത്ത് വെയ്റ്റ്(4),ഷായ് ഹോപ്പ് (9),ഷമർ ബ്രൂക്ക്സ്(0) എന്നിവർ പുറത്തായതോടെ വിൻഡീസ് 27/3 എന്ന നിലയിലായിരുന്നു. തുടർന്ന് ചേസും ബ്ളാക്ക്‌വുഡും ചേർന്ന് ചേസിംഗ് ഏറ്റെടുത്തതോടെ കഥമാറി.ചേസ് പുറത്തായപ്പോഴെത്തിയ ഡോർവിച്ച് ടീം സ്കോർ 168ലെത്തിച്ച ശേഷമാണ് മടങ്ങിയത്. 154 പന്തുകളിൽ നിന്ന്12 ബൗണ്ടറികളടക്കം 95 റൺസിലെത്തിയപ്പോൾ ബ്ളാക്ക്‌വുഡിനെ പുറത്താക്കി സ്റ്റോക്സ് കളി ആകാംക്ഷാഭരിതമാക്കി.തുടർന്ന് പരിക്കേറ്റ് മടങ്ങിയിരുന്ന ക്യാംപ്ബെൽ മടങ്ങിയെത്തി നായകൻ ഹോൾഡർക്കൊപ്പം വിജയത്തിലേക്ക് നയിച്ചു