ജൊഹന്നാസ്ബർഗ്: അമേരിക്കയോടും ബ്രസീലിനോടുമൊപ്പം ആഫ്രിക്കൻ രാജ്യങ്ങളിലും ഭയപ്പെടുത്തും വിധം കൊവിഡ് കുതിച്ചുയരുന്നു. ആഫ്രിക്ക കൊവിഡിന്റെ അടുത്ത ഹോട്ട്സ്‍പോട്ടാകുമോയെന്ന ഭീതി ഒരു വിഭാഗം ആരോഗ്യ വിദഗ്‍ദ്ധർ പങ്കുവെക്കുന്നുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യ സംവിധാനങ്ങൾ അത്ര കണ്ട് കാര്യക്ഷമമല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം നിയന്ത്രണാതീതമായാൽ സ്ഥിതി ഭയാനകമായിരിക്കും. ആഫ്രിക്കയിലെ ആകെ രോഗികളിൽ പകുതിയിലേറെയും ദക്ഷിണാഫ്രിക്കയിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13497 പേർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 264184 ആയി. ആകെ മരണം 3971. ദക്ഷിണാഫ്രിക്കയിലെ ആകെ രോഗികളിൽ മൂന്നിലൊന്നും ഗോതെംഗ് പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ജൊഹാനസ്ബർഗിലും പ്രിട്ടോറിയയിലുമാണ്. രാജ്യത്ത് കൊവിഡിന്റെ വലിയ കുതിപ്പാണ് വരാൻ പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി സ്വെലി എംഖൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, കൊവിഡിന് ശമനം കൈവന്ന യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലും സ്പെയിനിലും രോഗവ്യാപനം വീണ്ടും ശക്തമാവുകയാണ്. ജർമ്മനിയിൽ മാത്രം ഇന്നലെ 248 പേർ രോഗികളായി. സ്പെയിനിൽ ഇപ്പോൾ ബാഴ്‍സലോണയിലാണ് രോഗം പടരുന്നത്.
അമേരിക്കയിൽ രോഗികൾ 33 ലക്ഷമായി. മരണം - 1.37 ലക്ഷം. ബ്രസീലിൽ 18 ലക്ഷം രോഗികൾ. മരണം - 71,492. റഷ്യയിൽ ഇന്നലെയും 6000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം - 130. ആകെ മരണം - 11,335. ലോകത്താകെ രോഗികൾ - 1.28 കോടി കവിഞ്ഞു. മരണം - 568,298. ഭേദമായവരുടെ എണ്ണം 75 ലക്ഷം കടന്നു.