toilet
നിലവിലെ പൊട്ടിപൊളിഞ്ഞ ടോയ്ലെറ്റ്

കിളിമാനൂർ: പരാധീനതകൾ മാത്രം കൈമുതലായുള്ള കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് താത്കാലിക ആശ്വാസം. ഡിപ്പോയിൽ പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനായി എസ്റ്രിമേറ്റ് തയ്യാറാക്കിയതാണ് ഇതിനുകാരണം. 70ഓളം സർവീസുകളാണ് ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. മുന്നൂറോളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ നിലവിലുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്രിന്റെ അവസ്ഥ പരിതാപകരമാണ്. ഇതിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റിൽ കമ്പികൾ ഇളകി ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

ദിവസേന നൂറുകണക്കിന് യാത്രക്കാരും ഡിപ്പോയിൽ എത്തുന്നുണ്ടായിരുന്നു. ശ്വാസം അടക്കിപ്പിടിച്ചാണ് ഇവരെല്ലാം ടോയ്‌ലെറ്ര് ഉപയോഗിച്ചിരുന്നത്. ഇത് മനസിലാക്കിയാണ് ബി. സത്യൻ എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങൾ ഇപ്പോഴും ഡിപ്പോയിലുണ്ട്. ഇക്കാര്യത്തിലും അധികൃതർ അടിയന്തര ശ്രദ്ധ പുലർത്തണമെന്നാണ് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്

01.മലയോരവാസികളുടെ പ്രധാന ആശ്രയം

02. ടാർ ഇളകി കുഴി നിറഞ്ഞ സ്റ്റാൻഡ്

03. നിലം പൊത്താറായ ടോയ്ലെറ്ര്

04. ഈച്ചയാർക്കുന്ന മാലിന്യ നിക്ഷേപം

05. പ്ളാസ്റ്റിക് ഉൾപ്പടെ കൂട്ടിയിട്ട് കത്തിക്കുന്നു

ഫണ്ടുകൾ ലഭിക്കുന്നില്ല

സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട ഡിപ്പോകളിൽ ഒന്നാണ് കിളിമാനൂർ. സർക്കാർ തലത്തിൽ യാതൊരു വികസന ഫണ്ടും സമീപത്തൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് പഴയ കെട്ടിടം പൊളിച്ച് പുതിയ മന്ദിരം നിർമ്മിച്ചിരുന്നു. കടമുറികൾ കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകാനായിരുന്നു ഉദ്ദേശം. എന്നാൽ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഈ കടമുറികൾ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.

...................................

കെ.എസ്.ആർ.ടി.സിക്ക് ഫണ്ട് അനുവദിച്ചാലും കരാറുകാർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറാറാണ് പതിവ്. ഡിപ്പോയ്ക്കകത്തെ പഴയ ടോയ്ലെറ്റ് കെട്ടിടം പൊളിച്ച് പുതിയത് പണിയാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. മറ്റു ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും പദ്ധതി തയ്യാറാക്കും.

(ബി. സത്യൻ.എം.എൽ എ)

 300 ഓളം ജീവനക്കാർ

70 ഓളം സർവീസുകൾ