ന്യൂഡൽഹി: മാർച്ചിൽ കണ്ടെത്തിയ നിയോവൈസ് എന്നു പേര് നൽകിയിരിക്കുന്ന വാൽനക്ഷത്രം ജൂലൈ മാസത്തിന്റെ അവസാനം കാണാൻ സാധിക്കുമെന്ന് വാനനിരീക്ഷകർ നേരത്തെ അറിയിച്ചിരുന്നു.നിയോവൈസിനെ കാണാൻ കാത്തിരുന്നവർക്ക് സന്തോഷ വാർത്ത. ജൂലായ് 14 ന് വടക്ക് -കിഴക്കൻ ആകാശത്ത് വാൽനക്ഷത്രത്തെ കാണാൻ സാധിക്കുമെന്നാണ് ഇപ്പോൾ വാനനിരീക്ഷകർ അറിയിച്ചിരിക്കുന്നത്. ജൂലായ് 14 മുതൽ 20 ദിവസത്തേക്ക് നഗ്നനേത്രങ്ങൾകൊണ്ട് വാൽനക്ഷത്രത്തെ കാണാൻ സാധിക്കുമെന്ന് ഒഡീഷയിലെ പ്ലാനറ്റേറിയം ഡെപ്യൂട്ടി ഡയറക്ടർ അഭിപ്രായപ്പെട്ടു. ബ്രിട്ടനിൽ എവിടെനിന്നു നോക്കിയാലും നഗ്നനേത്രങ്ങൾകൊണ്ട് വാൽനക്ഷത്രത്തെ കാണാൻ സാധിക്കുമെന്ന് നിരീക്ഷകർ നേരത്തെ അറിയിച്ചിരുന്നു.
താരതമ്യേന പ്രകാശം കുറവായതിനാൽ ബൈനോക്കുലർ ഉപയോഗിച്ച് വീക്ഷിച്ചാൽ വാൽനക്ഷത്രത്തെ വ്യക്തതയോടെ കാണാൻ സാധിക്കും.ജൂലൈ മൂന്നിനാണ് നിയോ വൈസ് സൂര്യന് ഏറ്റവുമടുത്തെത്തിയത്. ജൂലൈ 23ന് വാൽനക്ഷത്രം ഭൂമിയുടെ ഏറ്റവും അടുത്തുവരും. ഭൂമിയിൽനിന്നും 64 ദശലക്ഷം മൈലുകൾ അകലെയാവും ആ സമയത്ത് വാൽനക്ഷത്രമുണ്ടാവുക. ഭൂമിയോട് കൂടുതൽ അടുത്തു വരുന്നതിനാലാണ് ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നതെന്ന് നിരീക്ഷകർ അറിയിക്കുന്നു.വാൽനക്ഷത്രത്തിന് ആദ്യം C/2020 F3 എന്നാണ് പേരു നൽകിയിരുന്നത്. നിയോവൈസ് എന്ന ബഹിരാകാശ ടെലസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയതിനാൽ പിന്നീട് വാൽനക്ഷത്രത്തിനും നിയോവൈസ് എന്ന പേര് നൽകുകയായിരുന്നു.