രണ്ടു വട്ടം പിന്നിലായിപ്പോയ യുവന്റസിനെ പെനാൽറ്റികളിലൂടെ രക്ഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ലാസിയോ തോറ്റതോടെ യുവന്റസിന്റെ കിരീടസാദ്ധ്യതയ്ക്കും വെല്ലുവിളിയില്ല
യുവന്റസ് 2 - അറ്റലാന്റ 2
ടൂറിൻ : രണ്ട് വട്ടം മുന്നിൽക്കണ്ട തോൽവിയിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റികളിലൂടെ സമനിലയിലേക്ക് രക്ഷപെട്ട് യുവന്റസ്. കഴിഞ്ഞ രാത്രി അറ്റലാന്റയ്ക്കെതിരായ മത്സരത്തിലാണ് ഹാൻഡ്ബാൾ ഫൗളുകളുടെ രൂപത്തിൽ ലഭിച്ച പെനാൽറ്റികൾ ചാമ്പ്യൻക്ളബിന്റെ മാനം കാത്തത്.
യുവന്റസിനേക്കാൾ മുമ്പേ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ച അറ്റലാന്റ തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനമാണ് യുവന്റസിന്റെ തട്ടകത്തിൽ ചെന്ന് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന അറ്റലാന്റ രണ്ടാം പകുതിയുടെ തുടർക്കത്തിലാണ് നിർഭാഗ്യം കൊണ്ട് പെനാൽറ്റി വഴങ്ങിയത്. എന്നാൽ ഒരു ഗോൾ കൂടി നേടി വിജയത്തിലേക്കെന്ന സൂചന നൽകിയ അവരെ അവസാനസമയത്തെ നിർഭാഗ്യം മറ്റൊരു പെനാൽറ്റിയുടെ രൂപത്തിലെത്തി സമനിലയിലേക്ക് ഒതുക്കുകയായിരുന്നു.
ഇൗ മത്സരം ജയിക്കാനായില്ലെങ്കിലും യുവന്റസിന്റെ കിരീട സാദ്ധ്യതയ്ക്ക് വലിയ മങ്ങലേറ്റിട്ടില്ല. രണ്ടാം സ്ഥാനക്കാരായ ലാസിയോ കഴിഞ്ഞ മത്സരത്തിൽ 1-2ന് സസൗളോയോട് തോറ്റതിനാലാണിത്. അതേ സമയം ലാസിയോയുടെ രണ്ടാം സ്ഥാനത്തിന് ഭീഷണി ഉയർത്തി അറ്റലാന്റെ ഒറ്റപ്പോയിന്റ് വ്യത്യാസത്തിൽ മൂന്നാംസ്ഥാനത്തുണ്ട്. 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണ് യുവയ്ക്കുള്ളത്. ലാസിയോയ്ക്ക് 68 പോയിന്റും.
6
മത്സരങ്ങൾ വീതമാണ് സെരി എയിൽ ഇനി യുവന്റസിനും ലാസിയോയ്ക്കും അറ്റലാന്റയ്ക്കും ശേഷിക്കുന്നത്.
ഗോളുകൾ ഇങ്ങനെ
0-1
16-ാം മിനിട്ട്
സപാറ്റ
മദ്ധ്യനിരയിൽ നിന്ന് പന്തു കൊടുത്തും വാങ്ങിയും മുന്നേറിയ സപാറ്റയും ഗോമസും ചേർന്ന് യുവന്റസ് പ്രതിരോധത്തെ സുന്ദരമായി കബളിപ്പിച്ചു. തന്നെ മാർക്ക് ചെയ്യാൻ നിന്നിരുന്ന ഡിഫൻഡർ വഴുതിവീണപ്പോൾ മനോഹരമായ ഷോട്ടിലൂടെ സപാറ്റ പന്ത് വലയിലാക്കി.
1-1
54-ാം മിനിട്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോ
ബോക്സിനുള്ളിൽ വച്ച് ഡിബാലയുടെ ഒരു ഷോട്ട് അറ്റലാന്റ ഡിഫൻഡർ ഡി റൂണിയുടെ കയ്യിൽ അബദ്ധത്തിൽ തട്ടിതെറിച്ചതാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്. ഇടത്തേക്കൊരു കുതിപ്പിൽ റണ്ണപ്പ് തുടങ്ങിയ ക്രിസ്റ്റ്യാനോ ഗോളിയെ കബളിപ്പിച്ച് വലയുടെ ഇടതുമുകൾ മൂലയിലേക്ക് പതിപ്പിച്ചു
1-2
80-ാം മിനിട്ട്
മാലിനോവ്സകി
നാലുമിനിട്ട് മുമ്പ് നല്ലൊരു അവസരം പാഴാക്കിയിരുന്ന മാലിനോവ്സ്കി ഇത്തവണ മുറിയേലിന്റെ സ്ക്വയർ പാസിൽ നിന്ന് ഡിഫൻഡറെ വെട്ടിച്ചശേഷം സ്കോർ ചെയ്തു.
2-2
90+1
ക്രിസ്റ്റ്യാനോ റൊണാൾഡോ
തോൽവി മുന്നിൽക്കണ്ട യുവന്റസിന് ആശ്വാസമായി വീണ്ടും ഹാൻഡ്ബാൾ ഫൗൾ. ബോക്സിലേക്ക് വന്ന ക്രോസ് തട്ടിയത് മുറിയേലിന്റെ കൈയിലായിരുന്നു. ആദ്യ പെനാൽറ്റിയെ അനുസ്മരിപ്പിച്ച് കിക്കെടുത്ത ക്രിസ്റ്റ്യാനോ ഇത്തവണ ഗ്രൗണ്ട് ഷോട്ടിലൂടെയാണ് വലകുലുക്കിയത്.
2
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ യുവന്റസിന് കഴിഞ്ഞിട്ടില്ല.കഴിഞ്ഞ കളിയിൽ എ.സി മിലാനോട് 4-2ന് തോൽക്കുകയായിരുന്നു.
37
യുവന്റസ് ഹോം ഗ്രൗണ്ടിൽ തുടർച്ചയായി തോൽവി അറിയാതിരിക്കുന്ന മത്സരങ്ങളുടെ എണ്ണം. ടോപ് ഫൈവ് യൂറോപ്യൻ ലീഗുകളിൽ ലിവർപൂളിന് മാത്രമേ ഇക്കാര്യത്തിൽ ഇതിലും മികച്ച റെക്കാഡുള്ളൂ.
18
ഇൗ വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ 2020ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ക്രിസ്റ്റ്യാനോയാണ്.
പോയിന്റ് നില
(ടീം, കളി,പോയിന്റ്)
യുവന്റസ് 32-76
ലാസിയോ 32-68
അറ്റലാന്റ 32-67
ഇന്റർ മിലാൻ 31-65
എ.എസ് റോമ 32-54