ലോസാഞ്ചലസ്: നടിയും ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായി ഇന്നേക്ക് അഞ്ച് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല. ലോസാഞ്ചലസ് ഡൗൺടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിൽ നാലുവയസുകാരനായ മകനൊപ്പം ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് 33 കാരിയായ റിവേരയെ കാണാതായത്. ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.
2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ - കോമഡി സീരിസായ ഗ്ലീയിലൂടെയാണ് റിവേര പ്രശസ്തി നേടുന്നത്. ഗ്ലീയിൽ അഭിനയിച്ച താരങ്ങളിൽ പലരും ദുരൂഹസാഹചര്യത്തിൽ മരിച്ചത് ചൂണ്ടിക്കാട്ടി പുതിയ ഗൂഢാലോചനാ സിദ്ധാന്തകൾ മെനയുകയാണ് സോഷ്യൽ മീഡിയ. നയാ റിവേരയുടെ ദുരൂഹമായ കാണാതാകലിന് പിന്നിൽ ഗ്ളീ ശാപമാണെന്നാണ് പ്രചാരണം.
ഗ്ളീയിലെ താരങ്ങളായ കോറി മൊണ്ടേയിത്ത്, മാർക്ക് സെയ്ലിംഗ് എന്നിവരുടെ മരണവും ബെക്കാ ടോബിൻ, മെലീസ ബെനോയിസ്റ്റ് എന്നിവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളും ഇപ്പോഴുണ്ടായ റിവേരയുടെ തിരോധാനവും ദൂരുഹതകൾ നിറഞ്ഞതാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
കനേഡിയൻ പൗരനും നടനും ഗായകനുമായ കോറി മൊണ്ടേയിത്തിനെ 2013 ജൂലായിൽ കാനഡയിലെ ഒരു ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊണ്ടേയിത്തിന്റെ ശരീരത്തിൽ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും സാന്നിധ്യമുണ്ടായിരുന്നു. ഇവ അമിതമായി ഉപയോഗിച്ചത് മരണകാരണമായെന്നാണ് പൊലീസ് നിഗമനം.
ഗ്ലീയിലെ മറ്റൊരു നടനായ മാർക്ക് സെയിലിംഗ് 2018 ജനുവരിയിൽ ആത്മഹത്യ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകൾ കെെവശം വച്ചതിന് നടനെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് ഏഴ് വർഷം തടവും കോടതി വിധിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് മരണം.
നടി ബെക്കാ ടോബിന്റെ കാമുകൻ മാറ്റ് ബെൻടിക് 2014 ൽ മരിച്ചതാണ് മറ്റൊരു സംഭവം. പബ് ഉടമയായ മാറ്റ് ബെൻടിക് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഗ്ലീയിലെ താരങ്ങളായ മെലീസ ബെനോയിസ്റ്റും ബ്ലേക്ക് ജെന്നറും രഹസ്യമായി വിവാഹിതരായിരുന്നു. 2017 ൽ മെലീസ ബേക്ക് ജെന്നറിൽ നിന്ന് വിവാഹമോചനം നേടിയത് വലിയ ചർച്ചയായി. ബ്ലേക്ക് ജെന്നർ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പീഡനം സഹിക്കാതെയാണ് വിവാഹമോചനം നേടുന്നതെന്നും മെലീസ വെളിപ്പെടുത്തി. ഗ്ലീയിലെ വനിതാ താരങ്ങളുടെ നഗ്ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ റിവേരയെ കാണാതായതോടെ ഗ്ലീയിലെ താരങ്ങളെ ശാപം വേട്ടയാടുന്നുവെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
എന്നാൽ ഗൂഢാലോചന സിദ്ധാന്തങ്ങൾക്കെതിരേ റിവേരയുടെ സുഹൃത്തുക്കളും ആരാധകരുമടക്കം ഒട്ടനവധിയാളുകൾ രംഗത്തെത്തി. അന്ധവിശ്വാസങ്ങൾക്ക് പിറകേ പോകാതെ റിവേരയെ കണ്ടെത്താൻ എല്ലാവരും കെെകോർക്കണമെന്ന് അവർ പറഞ്ഞു.
കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നാല് വയസ്സുള്ള മകനോടൊപ്പമെടുത്ത ഒരു ചിത്രം റിവേര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ബോട്ട് വാടകയ്ക്കെടുത്താണ് റിവേര മകനൊപ്പം തടാകത്തിൽ യാത്ര ചെയ്തത്. മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തി. എന്നാൽ റിവേര അപ്രത്യക്ഷയായി. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.