golden-tiger

അസം:സ്വര്‍ണ കടുവ എന്ന് കേള്‍ക്കുമ്പോള്‍ ബിജു മേനോന്‍ നായകനായി 2016 പുറത്തിറങ്ങിയ സിനിമ ആയിരിക്കും ആദ്യം ഓർമ്മ വരിക. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ കടുവ എന്നൊരു ജീവിയുണ്ടോ? കടുവ, പുള്ളിപ്പുലി, വരയന്‍ പുലി, കരിമ്പുലി, വെള്ള പുലി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും സ്വര്‍ണ കടുവ എന്നത് യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു ജീവിയാണ് എന്ന് പലർക്കും അറിയില്ല.ഗോള്‍ഡന്‍ ടാബി ടൈഗര്‍ എന്നും സ്‌ട്രോബെറി ടൈഗര്‍ എന്നും വിളിപ്പേരുള്ള സ്വര്‍ണ കടുവ യഥാര്‍ത്ഥത്തില്‍ വെള്ള കടുവകളെയും കരിമ്പുലികളെയും പോലെ ജീന്‍ വ്യതിയാനത്തിൽ ശരീരത്തിൽ മാറ്റം സംഭവിക്കുന്ന കടുവകളാണ്.

ഏകദേശം സ്വര്‍ണ നിറമുള്ള ശരീരത്തില്‍ തവിട്ട് നിറമുള്ള വരകളായിരിക്കും സ്വര്‍ണ കടുവകള്‍ക്ക്. കാട്ടില്‍ ഇവയെ കാണുന്നത് അപൂർവമാണ്.പക്ഷെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഒരു സ്വര്‍ണ കടുവ കാട്ടില്‍ വിരാജിക്കുന്നുണ്ട്. വേറെ എവിടെയുമല്ല നമ്മുടെ രാജ്യത്ത് തന്നെ.ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ലോകത്തിലെ ഏക സ്വതന്ത്രനായ സ്വര്‍ണ കടുവ ഉള്ളത്.വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ആയ മയൂരേഷ് ഹേന്ദ്രയുടെ ക്യാമറയിൽ കുറച്ചു നാളുകൾക്ക് മുമ്പാണ് സ്വര്‍ണ കടുവ പതിഞ്ഞത്.കഴിഞ്ഞ ദിവസം ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന്‍ ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ കാസിരംഗയുടെ അഭിമാനമായ സ്വര്‍ണ കടുവ വീണ്ടും ചർച്ചാ വിഷയമായി.

'നിങ്ങള്‍ക്കറിയാമോ, ഇന്ത്യയിലും ഒരു സ്വര്‍ണ കടുവയുണ്ട്. 21-ാം നൂറ്റാണ്ടില്‍ സ്വതന്ത്രമായി കാട്ടില്‍ ജീവിക്കുന്ന ഏക സ്വര്‍ണ കടുവയാണ് ഇന്ത്യയിലേത്. മയൂരേഷ് ഹേന്ദ്ര പകര്‍ത്തിയ ഈ ചിത്രങ്ങളിലെ സ്വര്‍ണ കടുവ എത്ര സുന്ദരിയാണ്' പര്‍വീണ്‍ കാസ്വാന്‍ കുറിച്ചു.