ലണ്ടൻ:അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊരുതുന്ന പെണ്‍കുട്ടികളുടെ ധീരതയുടെ കഥകള്‍ കോര്‍ത്തിണക്കി ഒരു പുസ്തകം ഒരുങ്ങുന്നു.വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും സാമൂഹിക മാറ്റത്തിനുമായി അസാധാരണമായ പോരാട്ടം നടത്തുന്ന 25 പെണ്‍കുട്ടികളുടെ ജീവിതമാണ് പുസ്തകത്തില്‍ പറയുന്നത്.പെണ്‍പോരാട്ടങ്ങളുടെ മാതൃകയായ
മലാല യൂസഫ്‌സായിയുടെ ജന്‍മദിനത്തിലാണ് അപൂര്‍വ പുസ്തകത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.താലിബാന്റെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ട്, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച പാക്കിസ്ഥാനി പെണ്‍കുട്ടിയായായ മലാല യൂസഫ് സായിയുടെ 23-ാം ജന്‍മദിനമാണിന്ന്.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായുള്ള ദിവസമായാണ് ഐക്യരാഷ്ട്രസഭ മലാലയുടെ ജന്‍മദിനമായ ജൂലൈ 12 മലാല ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.മലാല ഫണ്ട് തയ്യാറാക്കുന്ന പുസ്തകം 2021-ല്‍ പ്രസിദ്ധീകരിക്കും.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ മലാല സ്ഥാപിച്ച സംഘടനയാണ് മലാല ഫണ്ട്. മലായുടെ ജീവിതകഥ ഐ ആം മലാല അന്താരാഷ്ട്ര തലത്തില്‍ വന്‍തോതില്‍ വില്‍ക്കപ്പെട്ട പുസ്തകമാണ്. താലിബാന്റെ ആക്രണമത്തിന് ശേഷം, പൊതുസമൂഹത്തില്‍ സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ മുഖമായി മലാല മാറുകയായിരുന്നു.2014-ല്‍ 17-ാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
കഴിഞ്ഞ ജൂണിലാണ് മലാല ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.മലാല ഫണ്ടിന്റെ ഡിജിറ്റല്‍ പ്രസിദ്ധീകരണമായ അസ്സംബ്ലിയുടെ എഡിറ്ററായ ടെസ് തോമസാണ് പുതിയ പുസ്തകവും എഡിറ്റ് ചെയ്യുന്നത്. സ്വന്തം നാട്ടിലും സമുദായത്തിലും നേരിട്ട അടിച്ചമര്‍ത്തലുകളും അതിജീവനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ തുറന്നുപറയുന്നതാണ് പുസ്തകത്തിലുണ്ടാകുക. മലാല യൂസഫ്‌സായിയെ പോലെ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറയാന്‍ മറ്റു പെണ്‍കുട്ടികളെയും പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മലാല ഫണ്ട് അസംബ്ലി എന്ന പേരില്‍ ഡിജിറ്റല്‍ പ്രസിദ്ധീകരണം ആരംഭിച്ചത്.പുസ്തകത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.