ഹൈവേ റൈഡ് 575 കി.മീറ്റർ, 8.30 മണിക്കൂർ
ബംഗളൂരു- കൊച്ചി (വാളയാർ വഴി) റോഡ് ദൂരം: 575 കി.മീറ്റർ
യാത്രയ്ക്ക് എൻ.ഐ.എെ സംഘം എടുത്തത്: 8.30 മണിക്കൂർ
ഏകദേശ വേഗം: മണിക്കൂറിൽ 70- 75 കി.മീ
പുലർച്ചെ 6
ബംഗളുരു എൻ.ഐ.എ ആസ്ഥാനത്തു നിന്ന് സ്വപ്നയും സന്ദീപ് നായരുമായി അന്വേഷണസംഘം കൊച്ചിയിലേക്ക് യാത്ര പുറപ്പെടുന്നു. സ്വപ്നയ്ക്ക് കറുത്ത പർദ്ദ. സന്ദീപിന്റെ വേഷം ഇളം നീല ഹാഫ് ഷർട്ടും നീല ജീൻസും. സ്വപ്ന, വനിതാ സി.ഐയ്ക്കൊപ്പം സ്കോർപിയോയിൽ. സന്ദീപ് ഇന്നോവയിൽ. ബംഗളൂരു പൊലീസിന്റെ പൈലറ്റ് വാഹനവും പിന്നിൽ പട്രോളിംഗ് വാഹനവും. ബംഗളൂരുവിൽ നിന്ന് കർണാടക അതിർത്തിയായ ഹുസൂരിലേക്ക് 35 കിലോമീറ്റർ. അവിടെ നിന്ന് തമിഴ്നാട്- കേരള അതിർത്തിയായ വാളയാറിലേക്ക് 365 കിലോമീറ്റർ. സാധാരണഗതിയിൽ ഹൈവേയിലൂടെ ഈ ദൂരം പിന്നിടാൻ വേണ്ട സമയം ഏഴു മണിക്കൂർ. എൻ.ഐ.എ വാഹനവ്യൂഹം അഞ്ചു മണിക്കൂർ 35 മിനിട്ടുകൊണ്ട് ഇത്രയും ദൂരം പിന്നിട്ടു.
രാവിലെ 11.35 എൻ.ഐ.എ വാഹനവ്യൂഹം വാളയാർ ചെക് പോസ്റ്റ് കടന്ന് കേരളത്തിലേക്ക്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബംഗളൂരുവിൽ നിന്നുള്ള പൈലറ്റ് വാഹനം മടങ്ങി, പകരം പാലക്കാട് കസബ സ്റ്റേഷനിലെ ജീപ്പ് പൈലറ്റ് വാഹനമായി. 11.55 ന് വാഹനവ്യൂഹം ആലത്തൂർ കടന്നു. യാത്രാ തടസ്സമുണ്ടാകാതിരിക്കാൻ, ഹൈവേയിൽ ഉടനീളം സിഗ്നൽ ക്രമീകരണം. മറ്റു വാഹനങ്ങൾ വശത്തേക്ക് ഒതുക്കിയിടാൻ നിർദ്ദേശം നൽകി പൊലീസിന്റെ പൈലറ്റ് വാഹനം.
രാവിലെ 12.15
വടക്കഞ്ചേരിക്കും കുതിരാനും ഇടയിൽ പന്നിയങ്കരയിൽ വച്ച് സ്വപ്നയെ കയറ്റിയിരുന്ന സ്കോർപിയോയുടെ വലതു പിൻവശത്തെ ടയർ പഞ്ചറാകുന്നു. സ്വപ്നയെ, സന്ദീപിനെ കയറ്റിയിരുന്ന ഇന്നോവയിലേക്കു മാറ്റി യാത്ര തുടരുന്നു. തൃശൂർ ബൈപാസ് വഴി കൊച്ചിയിലേക്ക്. പാലിയേക്കര ടോൾ പ്ളാസയ്ക്കു സമീപം യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ റോഡിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കുന്നു.
ഉച്ചയ്ക്ക് 1.00 വാഹനവ്യൂഹം ആലുവ ജനറൽ ആശുപത്രിയിലേക്ക്. സ്വപ്നയ്ക്കും സന്ദീപിനും വൈദ്യപരിശോധനയും ഒപ്പം കൊവിഡ് പരിശോധനയും. പരിശോധനാ നടപടിക്രമങ്ങൾക്ക് ഒരു മണിക്കൂർ.
ഉച്ചയ്ക്ക് 2.00 വൈദ്യപരിശോധനകൾ പൂർത്തിയാക്കി സ്വപ്നയും സന്ദീപുമായി ഐ.ഐ.എ സംഘം ആലുവ ആശുപത്രിയിൽ നിന്ന് പുറപ്പെടുന്നു. ഇരുവരെയും എത്തിക്കുന്നത് എൻ.ഐ.എ ഓഫീസിലേക്കോ, അതോ പ്രത്യേക കോടതിയിലേക്കോ എന്ന് തീർച്ചയില്ലാത്തതിനാൽ രണ്ടിടത്തും മാദ്ധ്യമസംഘം തമ്പടിക്കുന്നു. രണ്ടു കേന്ദ്രങ്ങളിലേക്കും ബി.ജെ.പി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ എത്തുന്നു.
ഉച്ചയ്ക്ക് 2.25
കലൂരിലെ എൻ.ഐ.എ പ്രത്യേക കോടതിക്കു മുന്നിലൂടെ വാഹനവ്യൂഹം കടന്നുപോകുന്നു. കത്രിക്കടവ് വഴി കടവന്ത്ര ഗിരിനഗറിലെ എൻ.ഐ.എ ഒാഫീസിലേക്ക്. 2.29 ന് വാഹനവ്യൂഹം ഓഫീസിനു മുന്നിലേത്തി. സി.ആർ.പി.എഫ് ഭടന്മാരും നൂറ്റി അൻപതിലധികം പൊലീസുകാരുമായി എൻ.ഐ.എ ഒാഫീസിനു മുന്നിൽ ശക്തമായ കാവൽ. മറഞ്ഞുനിന്നിരുന്ന ബി.ജെ.പി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി പൊടുന്നനെ മുന്നിലേക്ക്.പൊലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കുന്നു. ഒാഫീസിൽ പ്രാഥമിക മൊഴിയെടുപ്പും അത്യാവശ്യ നടപടിക്രമങ്ങളും പൂർത്തിയാകുന്നു.
ഉച്ചയ്ക്ക് 2.45
സ്വപ്നയെ കാണാൻ ഭർത്താവും രണ്ടു മക്കളും എൻ.ഐ.എ ഓഫീസിനു മുന്നിലെത്തുന്നു. മൂത്തത് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും ഇളയത് ആൺകുട്ടിയും. മൂവരെയും എൻ.ഐ.എ ഓഫീസിലേക്ക് കടത്തിവിടുന്നു. സ്വപ്നയുമായി സംസാരിക്കാൻ അനുമതി.
വൈകുന്നേരം 4.00
കലൂർ ഗിരിനഗറിലെ പ്രത്യേക കോടതി തുറന്ന് ജീവനക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നു. നേരത്തേ, പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ പച്ചാളത്തെ വസതിയിൽ പ്രതികളെ ഹാജരാക്കാൻ ആലോചിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ജഡ്ജി അതു നിരസിച്ചു. തുടർന്ന്, 4.20 ന് സ്വപ്നയും സന്ദീപുമായി അന്വേഷണ സംഘം എൻ.ഐ.എ ഓഫീസിൽ നിന്ന് കോടതിയിലേക്ക് പുറപ്പെടുന്നു. ഇരുവരും രാവിലത്തെ അതേ വേഷത്തിൽ. 4.30 ന് കോടതിയിൽ.
വൈകുന്നേരം 6.10
എൻ.ഐ.എ പ്രത്യേക കോടതി 14 ദിവസം റിമാൻഡ് ചെയ്ത പ്രതികളുമായി സംഘം പുറത്തേക്ക്. സ്വപ്നയുമായി ഒരു വാഹനം തൃശൂർ അമ്പിളിക്കാലായിലെ പ്രത്യേക കൊവിഡ് കേന്ദ്രത്തിലേക്കും, സന്ദീപുമായി മറ്റൊരു വാഹനം എറണാകുളം- തൃശൂർ അതിർത്തിയിലെ കറുകുറ്റിയിലുള്ള കൊവിഡ് കേന്ദ്രത്തിലേക്കും.