corona

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായി ഉയർന്ന പശ്‌ചാത്തലത്തിൽ,​ കൊവിഡ് ചികിത്സയ്ക്ക് പണലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന 'കൊറോണ കവച ഇൻഷ്വറൻസ് പോളിസി" പുറത്തിറക്കാൻ 29 ജനറൽ,​ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികൾക്ക് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ)​ അനുമതി. ഒട്ടേറെ കമ്പനികൾ ഇതിനകം തന്നെ പോളിസി അവതരിപ്പിച്ചു കഴിഞ്ഞു.

മൂന്നരമാസം,​ ആറരമാസം,​ ഒമ്പതരമാസം എന്നിങ്ങനെ കാലാവധിയുള്ളതാണ് പോളിസികൾ. ഉറപ്പായ ഇൻഷ്വറൻസ് തുക (സം ഇൻഷ്വേർഡ്)​ 50,​000 മുതൽ അഞ്ചുലക്ഷം രൂപവരെ. 447 രൂപ മുതൽ 5,​630 രൂവവരെയാണ് (ജി.എസ്.ടി പുറമേ)​ പ്രീമീയം തുക. പോളിസി ഉടമയുടെ പ്രായവും പോളിസി കാലാവധിയും സം ഇൻഷ്വേർഡും അടിസ്ഥാനമാക്കിയാകും പ്രീമിയം തുക നിശ്‌ചയിക്കുക. 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് ഇൻഷ്വർ പോളിസി എടുക്കാമെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാൾക്ക് സ്വയവും​ ഭാര്യ/ഭർത്താവ്,​ 25 വയസുവരെ പ്രായമുള്ള മക്കൾ,​ അച്‌ഛനും അമ്മയും,​ ഭാര്യയുടെ/ഭർത്താവിന്റെ അച്‌ഛനും അമ്മയും എന്നിവരെയും പോളിസിയിൽ ഉൾപ്പെടുത്താം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായാൽ 15 ദിവസത്തേക്ക് സം ഇൻഷ്വേർഡിന്റെ 0.5 ശതമാനം വീതം പ്രതിദിന ആനുകൂല്യമായി ലഭിക്കും. പോളിസിയിൽ ആശുപത്രി മുറിവാടക,​ നഴ്‌സിംഗ്,​ ഐ.സി.യു.,​ ഡോക്‌ടർ ഫീ,​ കൺസൾട്ടന്റ് ഫീസ്,​ പി.പി.ഇ കിറ്ര്,​ ഗ്ളൗസ് ചെലവുകളും ഉൾപ്പെടുന്നുണ്ട്. വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് ചെലവും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താം.

ഓറിയന്റൽ ഇൻഷ്വറൻസ്,​ നാഷണൽ ഇൻഷ്വറൻസ്,​ എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ്,​ ഐ.സി.ഐ.സി.ഐ ലൊമ്പാർഡ്,​ എച്ച്.ഡി.എഫ്.സി എർഗോ,​ മാക്‌സ് ബൂപ,​ ബജാജ് അലയൻസ്,​ ഭാരതി ആക്‌സ,​ ടാറ്റാ എ.ഐ.ജി തുടങ്ങി 29 കമ്പനികൾക്കാണ് കൊറോണ കവച പോളിസി പുറത്തിറക്കാൻ അനുമതി ലഭിച്ചത്. അലോപ്പതിക്ക് പുറമേ ഹോമിയോ (ആയുഷ്)​,​ ആയുർവേദം,​ യോഗ,​ നാചുറോപ്പതി,​ യുനാനി,​ സിദ്ധ ചികിത്സകളും കൊറോണ കവച പോളിസിയിൽ ഉൾപ്പെടുന്നു.