lockdown

തിരുവനന്തപുരം: തീരദേശത്തെ തീവ്ര നിയന്ത്രിത മേഖലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നതായി അറിയിച്ച് സംസ്ഥാന സർക്കാർ. നാളെ വൈകിട്ട് ആറ്‌ മണി മുതൽ ജൂലൈ 23 വൈകിട്ട് ആറ് മണി വരെയാണ് തീരദേശ മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. ഇവയിൽ ചില പ്രദേശങ്ങൾ ഇപ്പോൾ തന്നെ ലോക്ക്ഡൗണിലാണ്.

തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ, കൊല്ലത്തെ ചവറ, പന്മന , ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം ഉണ്ടാവുക.

തീര മേഖലകളിലുള്ള തീവ്രകണ്ടെയിൻമെന്റ് പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി സൗജന്യമായി നൽകുമെന്നും ഈ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനുമുള്ള അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു. ഈ കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനുള്ള അനുമതിയുമുണ്ട്.

അതേസമയം, പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാനും അനുവാദമുണ്ട്. രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യൂ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലകളിൽ പ്രവർത്തന സജ്ജരായി ഉണ്ടാകും.