ചിറ്റൂർ: ലോക്ക്ഡൗൺ കാരണം പല ക്ഷേത്രങ്ങളുടെയും നടത്തിപ്പ് അങ്കലാപ്പിലായിരിക്കെ, തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി കിട്ടിയത് രണ്ടു കിലോയുടെ സ്വർണക്കട്ടി. 20 സ്വർണ ബിസ്കറ്റിന്റെ രൂപത്തിലുള്ള കട്ടികളാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോൾ കണ്ടെത്തിയത്. ഇത് ആരാണ് നിക്ഷേപിച്ചതെന്ന് അറിയില്ല. പ്രതിമാസ കണക്കെടുപ്പിന്റെ ഭാഗമായി ശനിയാഴ്ച കാണിക്കവഞ്ചി തുറന്നപ്പോഴാണ് സ്വർണക്കട്ടികൾ കണ്ടതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ അനിൽകുമാർ സിംഗാൾ പറഞ്ഞു. ഏറെ നാൾ പൂട്ടിയിട്ടതിന് ശേഷം ജൂൺ 11നാണ് ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറന്നു നൽകിയത്. അതിനു ശേഷം നടത്തിയ കണക്കെടുപ്പിൽ 16.7 കോടിയുടെ വരുമാനമാണ് ക്ഷേത്രത്തിനുണ്ടായത്. ക്ഷേത്രത്തിലെ 91ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഭക്തർ എത്തുന്നത് വളരെ കുറഞ്ഞെന്നും അനിൽകുമാർ സിംഗാൾ പറഞ്ഞു. 3569 ജീവനക്കാരെ ടെസ്റ്റ് ചെയ്തതിൽ 91 പേർക്ക് രോഗം കണ്ടെത്തി.