mukesh-ambani

മുംബയ്: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ 43-ാമത് വാർഷിക പൊതുയോഗം 15ന് നടക്കും. ആഗസ്‌റ്റിൽ നടന്ന കഴിഞ്ഞ പൊതുയോഗത്തിന് സമാനമായി റിലയൻസ് ചെയർമാനും ലോകത്തെ ഏഴാമത്തെ വലിയ സമ്പന്നനുമായ മുകേഷ് അംബാനി ഇക്കുറിയും വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് സൂചന.

റിലയൻസിനെ 2021 മാർച്ച് 31നകം കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കുമെന്ന് മുകേഷ് ആഗസ്‌റ്റിൽ പറഞ്ഞിരുന്നു. എന്നാൽ,​ 2020 ജൂണിനകം തന്നെ കടബാദ്ധ്യത പൂർണമായി റിലയൻസ് ഇല്ലാതാക്കി. ടെലികോം/ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്ര്‌ഫോംസിലേക്ക് ഫേസ്‌ബുക്കിൽ നിന്നുൾപ്പെടെ 1.17 ലക്ഷം കോടി രൂപയുടെ നിക്ഷേപം വാരിക്കൂട്ടിയാണ് കടക്കെണി റിലയൻസ് ഒഴിവാക്കിയത്.

ജിയോയിലേക്ക് വൻ നിക്ഷേപം ആകർഷിക്കുമെന്ന കഴിഞ്ഞ യോഗത്തിലെ പ്രഖ്യാപനവും ഇതോടെ യാഥാർത്ഥ്യമായി. കമ്പനിയുടെ ഓയിൽ ടു കെമിക്കൽ വിഭാഗത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ നിക്ഷേപം ആകർഷിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. സൗദി ആരാംകോയുമായുള്ള ധാരണയുടെ ഔദ്യോഗിക പ്രഖ്യാപനം 15ന് ഉണ്ടായേക്കും. റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ)​ തീരുമാനവും പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഓഹരി വിപണിയിലായിരിക്കും ജിയോയുടെ ലിസ്‌റ്രിംഗ്.

$1,500 കോടി

റിലയൻസ് ഇൻഡസ്ട്രീസിന് 7,​500 കോടി ഡോളർ സംരംഭക മൂല്യം (ഏകദേശം 5.64 ലക്ഷം കോടി രൂപ)​ കണക്കാക്കി 20 ശതമാനം ഓഹരികൾ സൗദി ആരാംകോ വാങ്ങുമെന്നാണ് അറിയുന്നത്. അതായത് 1,​500 കോടി ഡോളർ (1.12 ലക്ഷം കോടി രൂപ)​ ആരാംകോ നിക്ഷേപിക്കും. ഇന്ത്യയിലേക്ക് ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും (എഫ്.ഡി.ഐ)​ ഇത്.

പ്രതീക്ഷിക്കുന്ന പ്രഖ്യാപനം

1. സൗദി ആരാംകോയിൽ നിന്ന് $1,500 കോടിയുടെ നിക്ഷേപം

2. റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ)​