തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വിവാഹത്തിൽ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് പങ്കെടുത്തുവെന്ന തരത്തിൽ വ്യാജ ഫോട്ടോ വച്ച് പ്രചാരണം നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകി മന്ത്രി ഇ.പി ജയരാജൻ.
കോൺഗ്രസ്സ് നേതാവ് ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ, യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടി ജി സുനിൽ, എന്നിവർക്കെതിരെയാണ് മന്ത്രി ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയത്.
ക്ലിഫ് ഹൗസിൽ വച്ച് മുഹമ്മദ് റിയാസിന്റെയും വീണാ വിജയന്റെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇപി ജയരാജനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ഫേസ്ബുക്കിലും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഫോട്ടോയിൽ മന്ത്രി ജയരാജന്റെ ഭാര്യയുടെ മുഖം മാറ്റി സ്വപ്ന സുരേഷിന്റെ ചിത്രം പകരം വച്ച ശേഷമാണ് വ്യാജപ്രചാരണം നടത്തിയത്. ഈ ഫോട്ടോ, ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു.