കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നത് സ്വപ്ന സുരേഷിനാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളായ സരിത്തിന്റെ വെളിപ്പെടുത്തൽ. സ്വർണം എവിടെ നിന്നുമാണ് വരുന്നതെന്നും ആർക്കാണ് അത് നൽകുന്നത് എന്നെല്ലാമുള്ള കാര്യങ്ങൾ അറിയാവുന്നത് സ്വപ്നയ്ക്കാണെന്നാണ് സരിത്ത് പറയുന്നത്.
ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്ത് സ്വപ്നയെ സംബോധന ചെയ്തത്. മാത്രമല്ല, സർണക്കടത്തിലെ ഇടപാടുകാരനും മുസ്ലിം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്നും പറയപ്പെടുന്ന റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും ഇയാൾ പറഞ്ഞു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് സരിത്ത് ഇങ്ങനെ മൊഴി നൽകിയിരിക്കുന്നത്. അതേസമയം സ്വപ്ന സുരേഷിനെ തൃശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. സ്വപ്നയെയും സരിത്തിനെയും കോടതി റിമാൻഡ് ചെയ്തിരിക്കുന്നത് മൂന്ന് ദിവസത്തേക്കാണ്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിക്കുക.
പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി എൻ.ഐ.എ കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും കോടതി അതിന് അനുവാദം നൽകിയില്ല. കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കണമെന്നും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അപ്പോൾ പരിഗണിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.