messi-barcelona

വയ്യഡോളിഡിനെ വീഴ്ത്തി ബാഴ്സലോണ

ബാഴ്സലോണ 1- വല്ലഡോളിഡ് 0

ഇൗ സീസണിൽ 20 ഗോളുകൾക്ക് വഴിയൊരുക്കി മെസി

ചാവിക്ക് ശേഷം ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഒരുക്കുന്ന താരം

2009ലാണ് ചാവി ബാഴ്സയ്ക്ക് വേണ്ടി 20 ഗോളുകൾക്ക് അസിസ്റ്റ് നടത്തിയത്.

മാഡ്രിഡ് : ഇൗ സീസൺ സ്പാനിഷ് ലാ ലിഗ കിരീടം നിലനിറുത്തുക കടുപ്പമാണെങ്കിലും ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് സാദ്ധ്യത നിലനിറുത്താൻ ബാഴ്സലോണയുടെ ശ്രമം. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് റയൽ വയ്യഡോളിഡിനെയാണ് കീഴടക്കിയത്.

വയ്യഡോളിഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 15-ാം മിനിട്ടിൽ അർടുറോ വിദാലാണ് വിജയ ഗോൾ നേടിയതെങ്കിലും ഇൗ ഗോളിലൂടെ തിളങ്ങിയത് സൂപ്പർ താരം മെസിയാണ്. ഗോളിന് വഴിയൊരുക്കുന്നതിൽ റെക്കാഡ് കുറിക്കുകയായിരുന്നു മെസി.സ്പാനിഷ് ലാ ലിഗയിൽ ഇൗ സീസണിൽ മെസി നൽകിയ 20-ാമത്തെ ഗോൾ അസിസ്റ്റായിരുന്നു ഇത്.2009-ൽ ബാഴ്സയുടെ തന്നെ ചാവി ഹെർണാണ്ടസ് 20 അസിസ്റ്റന്റുകൾ ഒരുക്കിയ ശേഷം മറ്റാരും ഗോളടിക്കാൻ ഇത്രയും സഹായിച്ചിട്ടില്ല.

പട്ടികയിൽ 14-ാം സ്ഥാനക്കാരായ വയ്യഡോളിഡ് പക്ഷേ മത്സരത്തിൽ കൂടുതൽ ഗോളുകൾ നേടാൻ ബാഴ്സയെ അനുവദിച്ചില്ല. ഇൗ വിജയത്തോടെ ബാഴ്സലോണയ്ക്ക് 36 മത്സരങ്ങളിൽ നിന്ന് 79 പോയിന്റായി. ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് 35 മത്സരങ്ങളിൽ നിന്ന് 80 പോയിന്റാണുള്ളത്. ബാഴ്സ്യ്ക്ക് ലീഗിൽ ഇനി രണ്ട് മത്സരങ്ങളേ ശേഷിക്കുന്നുള്ളൂ. മൂന്ന് മത്സരങ്ങൾ ശേഷിക്കുന്ന റയൽ അവയിൽ തോൽക്കുകയാണെങ്കിൽ ബാഴ്സയ്ക്ക് കിരീടപ്രതീക്ഷ കെടാതെ സൂക്ഷിക്കാം.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടി ഇല്ലാത്ത ഏകഗോളിന് റയൽ ബെറ്റിസിനെ കീഴടക്കി.74-ാം മിനിട്ടിൽ ഡീഗോ കോസ്റ്റയാണ് വിജയഗോൾ നേടിയത്.57-ാം മിനിട്ടിൽ ഹെർമോസോ ചുവപ്പുകാർഡ് കണ്ട് പുറത്തായശേഷം പത്തുപേരുമായാണ് അത്‌ലറ്റിക്കോ കളിച്ചത്.

ഇൗ വിജയത്തോടെ 36 കളികളിൽ നിന്ന് 66 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് തുടരുന്ന അത്‌ലറ്റിക്കോ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രവേശനവും ഉറപ്പാക്കി.

ഗ്രീസ്മാന് പരിക്ക്

വയ്യഡോളിഡിനെതിരായ മത്സരത്തിനിടെ ബാഴ്സലോണ താരം അന്റോയ്ൻ ഗ്രീസ്മാന് പരിക്കേറ്റത് ബാഴ്സയ്ക്ക് തിരിച്ചടിയായി.തുടയ്ക്കാണ് പരിക്ക്. സീസണിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഗ്രീസ്മാന് കളിക്കാൻ കഴിയില്ലെന്ന് ക്ളബ് വൃത്തങ്ങൾ അറിയിച്ചു.

പോയിന്റ് നില

റയൽ മാഡ്രിഡ് 35-80

ബാഴ്സലോണ 36-79

അത്‌ലറ്റിക്കോ 36-66

സെവിയ്യ 35-63

വിയ്യാറയൽ 35-57