manchester-city

മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ബ്രൈറ്റണെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

റഹിം സ്റ്റെർലിംഗിന് ഹാട്രിക്

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ബ്രൈറ്റൺ ആൻഡ് ഹോവിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. ഹാട്രിക് നേടിയ റഹിം സ്റ്റെലിംഗും ഒാരോ ഗോൾ നേടിയ ബർനാഡോ സിൽവയും ഗബ്രിയേൽ ജീസസും ചേർന്നാണ് മാഞ്ചസ്റ്റർ സിറ്റിക്ക് പഞ്ചാമൃതമധുരമുള്ള വിജയം നൽകിയത്.

21-ാം മിനിട്ടിൽ സ്റ്റെലിംഗിലൂടെയാണ് സിറ്റി ഗോളടി തുടങ്ങിയത്.ആദ്യ പകുതിയിൽ ഗബ്രിയേൽ ജീസസും സ്കോർ ചെയ്തു.രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും ജീസസാണ്. രണ്ടാം പകുതിയിലെ ആദ്യത്തെയും അവസാനത്തെയും ഗോളുകൾ സ്റ്റെർലിംഗിന്റെ വകയായിരുന്നു. ഇതിനിടയിൽ സിൽവയും വലകുലുക്കി.

ഇൗ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 72 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കിരീടം ഉറപ്പിച്ചുകഴിഞ്ഞ ലിവർപൂളിന് 35 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുണ്ട്.

ഗോളുകൾ ഇങ്ങനെ

1-0

21-ാം മിനിട്ട്

റഹിം സ്റ്റെർലിംഗ്

2-0

44-ാം മിനിട്ട്

ഗബ്രിയേൽ ജീസസ്

3-0

53-ാം മിനിട്ട്

റഹിം സ്റ്റെർലിംഗ്

4-0

56-ാം മി​നി​ട്ട്

ബെർനാഡോ സി​ൽവ

5-0

81-ാം മിനിട്ട്

റഹിം സ്റ്റെർലിംഗ്

4

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ റഹിം സ്റ്റെർലിംഗ് നേടുന്ന ഹാട്രിക്കുകളുടെ എണ്ണം.

5-0

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഇൗ മാർജിനിൽ ജയിക്കുന്നത്. 2017ൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അഞ്ചോ അതിലേറെയോ ഗോളുകൾ നേടിയിരുന്നു.

ചങ്കുതകർന്ന് ചെൽസി

കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരെ വിജയിച്ച് നേടിയെടുത്ത പ്രിമിയർ ലീഗിലെ മൂന്നാം സ്ഥാനം ചെൽസിക്ക് നഷ്ടപ്പെടുമോ എന്ന ഭീതിയുണർത്തി ഷെഫീൽഡിനെതിരായ തോൽവി. മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ഷെഫീൽഡ് ചെൽസിയുടെ ചങ്കിൽ കത്തിതാഴ്ത്തിയത്. ഇരട്ട ഗോളുകൾ നേടിയ മക്ഗോൾഡ്രിക്കും ഒരു ഗോൾ നേടിയ മക് ബ്രൂണിയും ചേന്നാണ് ഷെഫീൽഡിന് വിജയം നൽകിയത്.

35 മത്സരങ്ങളിൽ നിന്ന് 60 പോയിന്റ് നേടിയ ചെൽസി മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ച് കളിച്ച് 59 പോയിന്റുമായി ലെസ്റ്റർ സിറ്റിയാണ് നാലാമത്.

പോയിന്റ് നില

ലിവർപൂൾ 35-93

മാഞ്ചസ്റ്റർ സിറ്റി 35-72

ചെൽസി 35-60

ലെസ്റ്റർ സിറ്റി 34-59

മാൻ.യുണൈറ്റഡ് 34-58