ന്യൂഡൽഹി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം പണമിടപാടുകള്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഇന്റര്‍നെറ്റ് സേവനം ഉപഭോക്താക്കള്‍ കൂടുതൽ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുകയായിരുന്നു.വിവിധ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിച്ചും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വാട്സ്ആപ്പിലൂടെ ബാങ്കിംഗ് സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ വാട്സ്ആപ്പിലൂടെ അനായാസം നടത്താനാകും. കൂടാതെ ഉപഭോക്താക്കളുടെ ബാങ്കിംഗ് അഭ്യര്‍ത്ഥനകള്‍ തത്സമയം വാട്സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ പരിഹരിക്കാനുമാകും.ഈ സേവനം ഉപയോഗിക്കുന്നതിന് നിരക്കുകളൊന്നും ബാധകമല്ല. എന്നാല്‍ ടെലികോം സേവന ദാതാവിന്റെ ഡാറ്റ പ്ലാന്‍ അനുസരിച്ച് നിരക്കുകള്‍ ബാധകമായേക്കാം. ഒരു വ്യക്തിക്ക് വാട്സ്ആപ്പ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിന് ആ ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല.
വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങള്‍ :
അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനാകും.
അവസാന 3 ഇടപാടുകളെക്കുറിച്ച് അറിയാം.
ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശിക പരിശോധിക്കാം.
ക്രെഡിറ്റ് കാര്‍ഡില്‍ ലഭ്യമായ ക്രെഡിറ്റ് പരിധി പരിശോധിക്കാം.
എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാം.
ഇന്‍സ്റ്റാ സേവ് അക്കൗണ്ട് ഓണ്‍ലൈന്‍ വഴി തുറക്കാം.
വിവിധ ബാങ്കുകളും അവര്‍ നല്കുന്ന വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളും:
ഐ.സി.ഐ.സി.ഐ :- ബാങ്ക് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാട്സ്ആപ്പ് ബാങ്കിംഗ് സേവനത്തിനായി 9324953001 എന്ന നമ്പര്‍ സേവ് ചെയ്ത് അതിലേക്ക് 'ഹായ്' സന്ദേശം അയക്കുക. ഇതിന് പിന്നാലെ ലഭ്യമായ സേവനങ്ങളുടെ ഒരു ലിസ്റ്റ് ബാങ്ക് നിങ്ങള്‍ക്ക് അയക്കും. ലഭ്യമായ സേവനങ്ങളുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന് ബാലന്‍സ്, ബ്ലോക്ക് മുതലായവ. തുടര്‍ന്ന് നിങ്ങള്‍ ആവശ്യപ്പെട്ട സേവനം നടപ്പിലാക്കുകയും തല്‍ക്ഷണം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
എച്ച്.ഡി.എഫ്.സി ബാങ്ക് :- 70659 70659 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയോ എസ്.എം.എസ് അയച്ചോ രജിസ്റ്റര്‍ ചെയ്യുക.ഈ സേവനം ലഭിക്കുന്നതിന് നിങ്ങളുടെ ബാങ്കുമായി ബന്ധിപ്പിച്ച നമ്പറില്‍നിന്ന് വേണം രജിസ്റ്റര്‍ ചെയ്യാന്‍. അവധി ദിവസങ്ങളില്‍ പോലും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വാട്സ്ആപ്പ് ബാങ്കിംഗ് സേവനം ലഭ്യമാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക് :- ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9718566655 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക. അല്ലെങ്കില്‍ 022 6600 6022 എന്ന് നമ്പര്‍ സേവ് ചെയ്യുക. വാട്സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് 'ഹെല്‍പ്പ്' എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ഇതോടെ നിങ്ങള്‍ക്ക് വേണ്ട സേവനങ്ങളുടെ പട്ടിക ലഭ്യമാകും.