തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തലസ്ഥാനത്ത് നിർമ്മിച്ചികൊണ്ടിരുന്നത് കോടികൾ മുടക്കിയുള്ള ആഡംബര ഭവനം. ജഗതി കണ്ണേറ്റുമുക്കിൽ ഒൻപത് സെൻറ് സ്ഥലത്ത് 4300 സ്ക്വയർ ഫീറ്റിൽ രണ്ട് നില വീടിനാണ് അനുമതി വാങ്ങിയത്. മാർച്ച് ആദ്യവാരം നടന്ന വീടിൻെറ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തും ഉൾപ്പെടെയുള്ളവരെത്തി .നഗരത്തിലെ ഹോട്ടലിൽ വിരുന്ന് സത്ക്കാരവുമൊരുക്കി.
കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കെട്ടിടത്തിന് കോർപ്പറേഷന്റെ അനുമതി തേടിയത്. 20ന് അനുമതി ലഭിച്ചു അടുത്ത വിഷുവിനു മുമ്പ് പണി പൂർത്തിയാക്കുമെന്നാണ് കൊച്ചി ആസ്ഥാനമായ നിർമ്മാണ കമ്പനി പറഞ്ഞിരുന്നത്.എന്നാൽ, തറ കെട്ടാനാരംഭിച്ചപ്പോൾ ചതുപ്പായതിനാൽ കമ്പനി പിൻമാറി. ഇതോടെ, വലിയ പില്ലറുകൾ വാർക്കാൻ വേറെ നിർമാണ കമ്പനിയെ ഏൽപ്പിച്ചു. പൈലിംഗിന് മാത്രം ചെലവായത് ലക്ഷങ്ങൾ.
സ്വപ്നയുടെ അച്ഛൻ സുരേഷ് വാങ്ങിയ ഭൂമിയാണ് കണ്ണേറ്റുമുക്കിലേത്. സ്വപ്നയുടെ അമ്മ പ്രഭയുടെ പേരിലായിരുന്ന വസ്തു പിന്നീട് അത് സ്വപ്നയ്ക്ക് എഴുതി നൽകി. തറക്കല്ലിൽ ചടങ്ങിന്,തൊട്ടടുത്ത് താമസിക്കുന്ന സ്വപ്നയുടെ അച്ഛൻെറ സഹോദരിയെയോ കുടുംബത്തെയോ വിളിച്ചില്ല. രോഗബാധിതനായ സുരേഷ് വീൽചെയറിലാണെത്തിയത്.ഇവിടെ എൻ.സി ആശുപത്രിക്ക് സമീപം സുരേഷിൻെറ കുടുംബവീടിനടുത്തുള്ള മൂന്നുനില കെട്ടിടവും സ്വപ്നയുടെ പേരിലാണ്. സ്വപ്നാ ടവർ .