ന്യൂഡൽഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണായക വിധി ഇന്ന്. പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിക്കുന്നത്.
ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയത്.
ക്ഷേത്ര പരിസരത്തു മ്യൂസിയം നിർമിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്‌തുക്കൾ ഭക്‌തർക്കും സഞ്ചാരികൾക്കും കാണാൻ അവസരമൊരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന്റെ വകയാണെന്ന വാദത്തിൽ കഴമ്പില്ലെന്നും ഹൈക്കോടതി വിധിച്ചു.