ന്യൂയോർക്ക്: വൈറസ് വെറും തട്ടിപ്പാണെന്നുപറഞ്ഞ് കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലാണ് സംഭവം. മുപ്പതുകാരനാണ് മരിച്ചത്. പാർട്ടിയിൽ പങ്കെടുത്ത ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊവിഡ് വെറും തട്ടിപ്പാണെന്ന് കരുതുന്ന ഒരുകൂട്ടം യുവാക്കളാണ് പാർട്ടി നടത്തിയത്. വൈറസിനെ തോൽപ്പിക്കാനാവുമെന്ന് അവകാശപ്പെട്ടാണ് ഇവർ പാർട്ടിക്ക് ആളുകളെ ക്ഷണിച്ചത്. അഥവാ ഇത്തരത്തിലൊരു വൈറസ് ഉണ്ടെങ്കിലും ചെറുപ്പക്കാരെ ബാധിക്കില്ലെന്നും ഇവർ ഉറച്ചുവിശ്വസിച്ചു. പക്ഷേ, കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി.ഗുരുതരാവസ്ഥയിലായശേഷമാണ് യുവാവ് ചികിത്സ തേടിയതെന്നാണ് റിപ്പോർട്ട്. മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പാണ് യുവാവ് താൻ കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത കാര്യം നഴ്സിനോട് വെളിപ്പെടുത്തിയത്. പാർട്ടിയിൽ നിന്നാണ് തനിക്ക് രോഗം ബാധിച്ചതെന്നും യുവാവ് വെളിപ്പെടുത്തി.
അതേസമയം അമേരിക്കയിൽ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസവും 60000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1.35 ലക്ഷം പേരാണ് മരിച്ചത്.അവസ്ഥ ഗുരുതരമാണെങ്കിലും അതിന്റെ ഗൗരവം ഭരണകൂടം ഉൾക്കൊളളുന്നില്ല എന്ന പരാതിയുണ്ട്. സ്കൂളുകൾ തുറക്കാനുളള തീരുമാനമാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് രാജ്യത്ത് റിപ്പോർട്ടുചെയ്തശേഷം ആദ്യമായി മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ ട്രംപ് തയ്യാറായതുതന്നെ കഴിഞ്ഞ ദിവസമായിരുന്നു.