padmanabhaswamy-temple

ന്യൂഡൽഹി: തിരുവനന്തപുരം പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. പുതിയ ഭരണ സമിതി വരുന്നതുവരെ ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ നിലവിലെ ഭരണസമിതി വ്യവസ്ഥ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ ഹർജിയാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കൽ, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

സുപ്രീം കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ-

ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബർ 18ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ടി.പി. സുന്ദരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട കേസാണിത്. നിലവറകൾ തുറന്ന് ആഭരണങ്ങൾ അടക്കം മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയിൽ സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് എ, ബി നിലവറകൾ തുറക്കുന്നത് സുപ്രീംകോടതി മരിവിപ്പിച്ചിരുന്നു.

സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിവിധ സമിതികൾ ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും മറ്റും കണക്കെടുത്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശുപാർശ പ്രകാരം ക്ഷേത്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. 9വർഷത്തോളം നീണ്ട വാദത്തിനിടെ പ്രധാന ഹർജിക്കാരിൽ ഒരാളായ ടി.പി. സുന്ദർരാജനും ക്ഷേത്രത്തിനായി കേസു നൽകിയ മാർത്താണ്ഡവർമ്മയും മരിക്കുകയും ജസ്റ്റിസുമാരായ രവീന്ദ്രൻ, എ.കെ. പട്നായിക്, ആർ.എം. ലോധ, കെഹാർ, ടി.എസ് താക്കൂർ, ബോംബ്‌ഡെ തുടങ്ങിയ ജഡ്ജിമാർ മാറുകയും ചെയ്തു.

കേസിന്റെ തുടക്കത്തിൽ രാജകുടുംബത്തിനായി ഹാജരായത് ഇപ്പോഴത്തെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ്. സുപ്രീംകോടതി അഭിഭാഷകരായ വിപിൻ നായരും പി.ബി.സുരേഷുമാണ് വിശ്വാസികൾക്കായി ഹാജരായത്. യു.യു. ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് 25 ദിവസം അന്തിമവാദം കേട്ട ശേഷമാണ് 2019 ഏപ്രിൽ 10ന് കേസ് വിധി പറയാൻ മാറ്റിയത്.

രാജകുടുംബം സുപ്രീം കോടതിയിൽ വാദിച്ചത്

പദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമ്പോൾ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹർജികൾ കേൾക്കാൻ തീരുമാനിച്ചത്‌. പദ്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങൾ എന്നും തിരുവിതാംകൂർ രാജകുടുംബം കോടതിയിൽ വാദിച്ചു.

ഭരണസമിതി സംബന്ധിച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം

എട്ട് അംഗ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള ശുപാർശയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയത്. 'പദ്മാനാഭ ദാസൻ' ഭരണ സമിതിയിൽ അംഗം ആയിരിക്കും എന്ന് സർക്കാർ ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ നോമിനേറ്റ് ചെയ്യും. ഇതിൽ ഒരു വനിതയും, പട്ടിക ജാതി / പട്ടിക വിഭാഗത്തിൽ നിന്നുള്ള ഒരു അംഗവും ഉണ്ടാകും. ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ നോമിനേറ്റ് ചെയ്യും. മുഖ്യതന്ത്രി എക്സ് ഒഫീഷ്യോ മെമ്പർ ആകും. തൊട്ട് കൂടായ്മയിൽ വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികൾ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യില്ല. സർക്കാർ ജീവനക്കാരെയും നോമിനേറ്റ് ചെയ്യില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.