
വടോദര: സ്‌റ്രാന്റ് അപ് കൊമേഡിയൻ അഗ്രിമ ജോഷ്വക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ വടോദര സ്വദേശി അറസ്‌റ്രിലായി. ബൊളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇയാൾ ഇത്തരത്തിൽ വീഡിയോ പോസ്‌റ്റ് ചെയ്തത്. വീഡിയോ കണ്ട
നടി വിവരം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നതോടെ ദേശീയ വനിതാ കമ്മിഷൻ, ഗുജറാത്ത് പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
വടോദര സ്വദേശിയായ ശുഭം മിശ്രയെയാണ് വടോദര പൊലീസ് അറസ്‌റ്റ് ചെയ്തത്. ഭീഷണി നേരിട്ട പൂനെ സ്വദേശിയായ അഗ്രിമ ജോഷിയും പൂനെ പൊലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് വടോദര രണ്ടാം സോൺ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സന്ദീപ് ചൗധരിയും അറിയിച്ചു. ഇൻസ്‌റ്റഗ്രാമിൽ സാമൂഹിക പ്രവർത്തകൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഇയാളെ നിരവധി പേർ പിൻതുടരുന്നുണ്ട്. അതിനാൽ തന്നെ ശുഭം മിശ്ര പോസ്‌റ്റ് ചെയ്‌ത വീഡിയോ വലിയ തോതിൽ വൈറലായിരുന്നു. പിടിയിലായ ഇയാളെ കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.