sachin-pilot

ജയ്പൂർ: മദ്ധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നു. ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റ് ബി ജെ പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനിടയിൽ താൻ ബി ജെ പിയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സച്ചിൻ പെെലറ്റ്.

സച്ചിന്‍ പൈലറ്റിനോട് അടുത്ത വൃത്തങ്ങളും ഇക്കാര്യം ആവര്‍ത്തിക്കുന്നു. ബി ജെ പി നേതാക്കളുമായി ഒരു ചര്‍ച്ചയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.

സച്ചിന്‍ പൈലറ്റും ഒപ്പമുളള എം എല്‍ എമാരും കോൺഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. തനിക്കൊപ്പമുള്ള 30 എം എൽ എമാർക്കൊപ്പം സച്ചിൻ ഡൽഹിയിലേക്ക് പുറപ്പെട്ടതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്.

അതേസമയം, സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്ന സൂചനകളും വരുന്നുണ്ട്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപനം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.