hariyali-chicken-curry-

രുചികരമായൊരു ഹെൽത്തി ചിക്കൻ വിഭവം തയ്യാറാക്കാം. ഹൈദരാബാദി വിഭവമായ ഗ്രീൻ ചിക്കൻ അഥവാ ഹരിയാലി ചിക്കൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമുള്ള ചേരുവകൾ

ചിക്കൻ - കാൽ കിലോ

പുതിനയില - 25 ഗ്രാം

മല്ലിയില - 25 ഗ്രാം

സവാള - ഒന്ന്

ഉപ്പ് - ആവശ്യത്തിന്

ഓയിൽ - മൂന്ന് ടേബിൾ സ്പൂൺ ഓയിൽ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ

തൈര് - കാൽ കപ്പ്

മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ

ഏലയ്ക്ക ചതച്ചത് - മൂന്ന് എണ്ണം

അണ്ടിപ്പരിപ്പ് - പത്ത്

പച്ചമുളക് - അഞ്ച്

കുരുമുളക് പൊടി - മുക്കാൽ ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

മല്ലിയില, പുതിനയില, പച്ച മുളക്, തൈര്, അണ്ടിപ്പരിപ്പ് എന്നിവ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള ചേർക്കുക, ഒരു നുള്ള് ഉപ്പ കൂടി ചേർത്ത് ഇത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേയ്ക്ക് ചിക്കൻ പീസുകൾ ഇട്ട ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തുകൊടുക്കുക.

ഈ മിശ്രിതം ചെറുതീയിലിട്ട് നന്നായി വഴറ്റി, അഞ്ച് മിനിട്ട് നേരം മൂടിവെച്ച് വേവിക്കുക. ഇനി ഇതിലേയ്ക്ക് കുരുമുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക, മൂന്ന് മിനിട്ട് കൂടി അടച്ച് വെച്ച് വേവിക്കുക. പാകത്തിന് വെന്ത് വന്ന് ചിക്കനിലേയ്ക്ക് അരച്ച് വച്ചിരുന്ന പുതിനയില പേസ്റ്റ് ചേർത്ത് കൊടുക്കാം. ഇതിലേയ്ക്ക് അരക്കപ്പ് ചൂടു വെള്ളം കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി ഇളക്കിയെടുത്ത ശേഷം കുറച്ച് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം.

ഇത് എട്ട് മിനിട്ട് നേരം ചെറുതീയിൽ മൂടി വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കാം. കൂടുതൽ ഗ്രേവി ആവശ്യമുള്ളവർ ഹൈ ഫ്ളെയിമിൽ രണ്ട് മിനിറ്റ് നേരം കൂടി പാകം ചെയ്തെടുക്കാം. അല്ലാത്തവർക്ക് മൂന്നു മുതൽ അഞ്ച് മിനിട്ട് നേരം ഹൈ ഫ്ളെയിമിൽ കുക്ക് ചെയ്യാം. ഇതിലേയ്ക്ക് ഏലയ്ക്ക കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം രണ്ട് മിനിട്ട് കൂടി ചെറുതീയിൽ വേവിച്ച ശേഷം ചൂടോടു കൂടി വിളമ്പാം.