padmanabha-temple

തിരുവനന്തപുരം: ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് നിർണായകമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ തിരുവിതാംകൂർ രാജവംശത്തിന് അവകാശമുണ്ടെന്നും, സ്ഥിരം ഭരണസമിതി വരുന്നതുവരെ ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ നിലവിലെ ഭരണസമിതിക്ക് തുടരാവുന്നതാണെന്നും ജസ്‌റ്റിസുമാരായ യു.യു. ലളിത്, ഇന്ദുമൽഹോത്ര എന്നിവരുടെ ബെഞ്ച് വിധിപ്രസ്‌താവം നടത്തി. എന്നാൽ വിശ്വാസികൾ കാത്തിരുന്ന ബി നിലവറ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം സ്ഥിരം സമിതിക്ക് വിട്ടുനൽകുകയായിരുന്നു സുപ്രീം കോടതി. ഇതുപ്രകാരം ബി നിലവറ തുറക്കണോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളേണ്ടത് ഈ സമിതിയായിരിക്കും.

മഹാത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി നിലവറ

ആറ് നിലവറകളാണ് ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലുള്ളത്. പദ്‌മനാഭ ദാസന്മാർ എന്നറിയപ്പെടുന്ന തിരുവിതാംകൂറിലെ രാജാക്കന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ രത്നത്തിലും, വജ്രത്തിലും സ്വർണത്തിലുമെല്ലാം സ്വരുക്കൂട്ടിയ തങ്ങളുടെ അമൂല്യ ശേഖരങ്ങളായ വസ്‌തുവകകൾ ഈ നിലവറകളിൽ സൂക്ഷിച്ചിരുന്നു എന്നാണ് വിശ്വാസം. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ, എഫ് നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നവ ആണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്.

ഭരതക്കോണിലുള്ള 'ബി' നിലവറ ഇതേവരെ തുറന്നിട്ടില്ല. അഗസ്ത്യമുനിയുടെ സമാധിസങ്കൽപ്പമുള്ള ഇവിടെ വെള്ളിക്കട്ടകളും സ്വർണനാണയങ്ങളുമുണ്ടെന്നാണ് വിശ്വാസം. 2011 ജൂണിൽ നിലവറ തുറക്കാൻ കഠിനമായ ശ്രമം നടത്തിയിരുന്നു. രണ്ട് കല്ലറകളാണ് ബി നിലവറയിലുള്ളത്. മഹാഭാരതക്കോണത്തു കല്ലറയും ശ്രീപണ്ടാരക്കല്ലറയും. വടക്ക് ദർശനമായാണ് ഭരതക്കോൺ കല്ലറ എന്നുകൂടി അറിയപ്പെടുന്ന മഹാഭാരതക്കോൺ കല്ലറ സ്ഥിതിചെയ്യുന്നത്. വെള്ളികൊണ്ടുള്ള പല വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഈ കല്ലറയുടെ അകത്തേക്ക് പ്രവേശിച്ചാൽ കിഴക്കു ഭാഗത്തായിട്ടാണ് ശ്രീപണ്ടാരക്കല്ലറയിലേക്കുള്ള വാതിൽ സ്ഥിതി ചെയ്യുന്നത്.

നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപണ്ടാരക്കല്ലറയുടെ സംരക്ഷണം ഉഗ്രനരസിംഹസ്വാമിക്കാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഇതിനുള്ളിൽ ദേവന്മാരും സിദ്ധന്മാരും യക്ഷിയും ഭഗവാനെ സേവിച്ച് കഴിയുന്നുണ്ടത്രേ. ക്ഷേത്രത്തിലെ ചുമർചിത്രങ്ങളും ഇതിന് ശക്തി പകരുന്നുണ്ട്.

1908ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ സർപ്പങ്ങളെക്കണ്ട് ഭയന്ന് ജീവനുംകൊണ്ടോടിയെന്ന് 1933ൽ പ്രസിദ്ധീകൃതമായ 'ട്രാവൻകൂർ: എ ഗൈഡ് ബുക്ക് ഫോർ ദി വിസിറ്റർ' എന്ന കൃതിയിൽ എമിലിഗിൽക്രിസ്റ്റ് ഹാച്ച് പറയുന്നുണ്ട്. 1931ൽ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് ബി നിലവറ തുറന്നുവെന്നത് സത്യമാണ്. പക്ഷേ, തുറന്നത് മഹാഭാരതക്കോണത്തു കല്ലറയാണെന്നും ശ്രീപണ്ടാരക്കല്ലറ അല്ലെന്നും അന്നത്തെ ഒരു പത്രവും സൂചിപ്പിക്കുന്നു.

വർഷങ്ങൾക്കിപ്പുറം 2011ൽ സുപ്രീംകോടതി നിയമിച്ച നിരീക്ഷകസംഘം മഹാഭാരതക്കോണത്തു കല്ലറ തുറന്നുപരിശോധിച്ചു. എന്നാൽ ശ്രീപണ്ടാരക്കല്ലറയുടെ ഉരുക്കുവാതിൽ തുറക്കാൻഇവർക്ക് കഴിഞ്ഞില്ല. കല്ലറകൾ തുറന്നുപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ടി.പി സുന്ദരരാജന്റെ മരണം അപ്രതീക്ഷിതമായിരുന്നു. മറ്റു നിലവറകൾ തുറന്ന് മാസങ്ങൾക്കുള്ളിലായിരുന്നു മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു സുന്ദരരാജന്റെ മരണം.