തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജകുടുംബത്തിനുളള അവകാശം സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിൽ കേസിൽ ഒപ്പം നിന്നവരോടും അതിനായി പ്രാർത്ഥിച്ചവരോടുമുളള നന്ദിയും സന്തോഷവുമറിയിച്ച് രാജകുടുംബം. 'സുപ്രീംകോടതിയിൽ നിന്നുണ്ടായ തീരുമാനത്തിൽ സന്തോഷം മാത്രമാണ് തോന്നുന്നത്. ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു.' രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായ് പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങൾ മുഴുവൻ അറിഞ്ഞിട്ടില്ല. നിയമ വിദഗ്ധരുമായി അതുസംബന്ധിച്ച് ആശയ വിനിമയം നടത്തി വരികയാണെന്നും രാജകുടുംബം പ്രതികരിച്ചു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതു ക്ഷേത്രമായി തുടരും എന്നാൽ ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വിധിയുണ്ടായത്.
നിലവിൽ ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ ഒരു താൽക്കാലിക സമിതി ക്ഷേത്രഭരണം തുടരണമെന്നും തുടർന്ന് രാജകുടുംബ പ്രതിനിധിയെയും സർക്കാർ പ്രതിനിധിയെയും ചേർത്തുളള ഒരു ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.