തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുപ്രീം കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിധിയെ സ്വാഗതം ചെയ്യുന്ന ദേവസ്വം മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നേരത്തെ എടുത്ത സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടിന് തിരിച്ചടിയാണെന്ന വസ്തുത കടകംപള്ളി മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് തീരുമാനം എടുക്കാവുന്നതല്ല ക്ഷേത്രാചാരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കൽ, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ രാജകുടുംബം സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.