കൊടുംഭീകരനായ വികാസ് ദുബെ എട്ടു പൊലീസുകാരെ വെടിവച്ചുകൊന്നാണ് കുപ്രസിദ്ധി നേടിയത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാല ക്ഷേത്രത്തിൽ വച്ച് ഇയാളെ അറസ്റ്റു ചെയ്തു. ഒരു കൊടും ഗുണ്ടയെ എത്ര സമർത്ഥമായി പൊലീസ് പിടികൂടി എന്ന് നമ്മൾ ആശ്ചര്യപ്പെട്ടു തീർന്നില്ല, അതിനു മുമ്പ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെട്ടു. പൊലീസ് വാഹനം അപകടത്തിൽപ്പെട്ടെന്നും അയാൾ പോലീസുകാരന്റെ തോക്കു തട്ടിപ്പറിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെന്നും പൊലീസുകാർക്കെതിരെ വെടിവച്ചു എന്നും അപ്പോൾ ആത്മരക്ഷയ്ക്കായി പൊലീസ് വെടിവച്ചു എന്നുമാണ് ഔദ്യോഗികഭാഷ്യം. ഇനി വിചാരണയുമില്ല, നീതിപീഠത്തിന്റെ ശിക്ഷയുമില്ല. അയാൾക്ക് പിന്നിൽ ആരൊക്കെയുണ്ടായിരുന്നെന്നും മറ്റെന്തെല്ലാം കുറ്റകൃത്യങ്ങളിൽ അയാളും സംഘവും പങ്കാളിയായിരുന്നു എന്നുമൊക്കെ അറിയാൻ കഴിയുമായിരുന്നു. മുഖ്യപ്രതി കൊല്ലപ്പെട്ടതോടെ അതെല്ലാം അടഞ്ഞ അദ്ധ്യായമായി.
ഈ ധീരകൃത്യം വായനക്കാരായ നമ്മളെ അൽപ്പമൊന്നു സന്തോഷിപ്പിച്ചില്ലെന്നു പറയാനാകുമോ? പൊലീസിനെക്കുറിച്ച് ഇത്തിരി അഭിമാനവും, 'നന്നായി; ഇവനോടൊക്കെ ഇത് തന്നെ ചെയ്യണം" എന്ന വിചാരവും നമ്മളിൽ ചിലർക്ക് ഉണ്ടായിരിക്കാം. തൂത്തുക്കുടിക്കടുത്ത് സട്ടാംകുളത്തു നിസാരമായ വാക്കേറ്റത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പത്തെട്ടുകാരൻ ജയരാജന്റെയും, മകൻ ബെനിക്സിന്റെയും മൃതദേഹങ്ങൾ നാല് ദിവസം കഴിഞ്ഞപ്പോൾ വീട്ടിലെത്തി. വൈകുന്നേരം കസ്റ്റഡിയിലെടുത്ത അവരെ പാതിരാവരെ പൊലീസുകാർ മാറിമാറി ഉപദ്രവിച്ചു എന്നാണ് നിഗമനം. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെ സാധാരണയുള്ള ഒതുക്കിതീർക്കൽ അസാദ്ധ്യമായി. വലിയ ജനരോഷം ക്ഷണിച്ചു വരുത്തിയ ഈ മനുഷ്യാവകാശലംഘനത്തെ ദേശീയ മാദ്ധ്യമങ്ങൾ ഗൗരവമായിക്കണ്ടു. ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥർക്കെതിരെ നരഹത്യക്കുള്ള കേസെടുക്കാൻ തീരുമാനമായി.
അഞ്ചാറു മാസങ്ങൾക്കു മുമ്പ് തെലങ്കാനയിൽ ഒരു വനിതാ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലെ നാല് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ‘രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ’ അവരെ നാല് പേരെയും പൊലീസ് വെടിവച്ചു കൊന്നു. ആ ശിക്ഷ നടപ്പാക്കിയ പൊലീസുകാർക്ക് നവമാദ്ധ്യമങ്ങളിൽ അനവധിപേർ അഭിവാദ്യം അർപ്പിച്ചു. ചിലർ പരസ്യമായി അവരെ അഭിനന്ദിച്ചു. 'ദുഷ്ടന്മാരായ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടിയെന്നു" കരുതിയവരും കുറവല്ല.
നമുക്ക് പരിചിതമായ രാജൻ കേസ് പൊലീസ് ക്രൂരതയുടെ ശാശ്വതമായ പ്രതീകവും പ്രാഗ്രൂപവുമായി മലയാളികളുടെ മനസിൽ പതിഞ്ഞു കിടപ്പുണ്ട്. ഒരച്ഛന്റെ ജീവിതം മുഴുവൻ നീണ്ട ആറാത്ത നോവും അന്വേഷണവും കാത്തിരിപ്പും ഷാജിയുടെ സിനിമ നമുക്കായി ആലേഖനം ചെയ്യുകയുണ്ടായി. ആ സംഭവം രാഷ്ട്രീയരംഗത്തു കൊടുങ്കാറ്റുകൾ സൃഷ്ടിച്ചത് ശരി. പക്ഷേ, അതിനു ശേഷവും രാജന്മാർ ഉണ്ടായില്ലേ, കേരളത്തിലും? ഒരു പരിഷ്കൃത ജനതയുടെ പൊലീസ് ഇങ്ങനെയാണോ പൗരന്മാരോട് പെരുമാറേണ്ടത്? പൊലീസിന് ഇതിനുള്ള ധൈര്യവും (വിവരക്കേടും) ഇത്ര ക്രൂരതയും എങ്ങനെ കൈവരുന്നു?
എന്തുകൊണ്ട് ഇപ്പോഴും ഇങ്ങനെയുള്ള ഹീനകൃത്യങ്ങൾ നടക്കുന്നു? എപ്പോഴും പൊലീസുകാർ ഇങ്ങനെയല്ലല്ലോ. എത്രയോ സന്ദർഭങ്ങളിൽ അവർ ജനോപകാരപ്രദമായി പ്രവർത്തിക്കുന്നുണ്ട്! കൊവിഡ് ലോക്ക്ഡൗൺ കാലത്തു തന്നെ എന്തെല്ലാം പരീക്ഷണങ്ങളെയും പരിമിതികളെയും അതിജീവിച്ചുകൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്? എന്നിട്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നുവല്ലോ. വിദഗ്ദ്ധ സമിതികളും കമ്മിഷനുകളും എന്തെല്ലാം പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടും, ചില പരിഷ്കാരങ്ങളൊക്കെ നടപ്പിലാക്കിയിട്ടും, കിരാതത്വത്തിലേക്ക് ഇവർ ചിലപ്പോഴെങ്കിലും വീണുപോകുന്നത് എന്തുകൊണ്ട്?
ഈ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം തേടിച്ചെല്ലുമ്പോൾ, ചോദ്യം ചോദിക്കുന്ന നമ്മളെത്തന്നെ പ്രതിസ്ഥാനത്തു കണ്ടെത്തേണ്ടി വരും. ലക്ഷ്യം തെറ്റിയ അഭിനന്ദനം കൊണ്ടും നിയമവിരുദ്ധതയ്ക്കുള്ള അംഗീകാരം കൊണ്ടും നമ്മളാണ് ഇത്തരം കൃത്യങ്ങൾ ആവർത്തിക്കാൻ പരോക്ഷമായ പ്രോത്സാഹനം നൽകുന്നത്. ഞാനും നിങ്ങളുമാണ് ഇതിനു കാരണക്കാർ. പിടികൂടപ്പെടുന്നവരെല്ലാം പ്രതികളാണെന്ന് പറഞ്ഞതും പൊലീസ്; കൊന്നതും പൊലീസ്. തെളിവെടുപ്പുമില്ല. വിചാരണയുമില്ല. പക്ഷേ നമുക്ക് സന്തോഷമായി. നീതി നടപ്പായെന്നു നാം വിശ്വസിച്ചു. ന്യായാന്യായങ്ങൾ നോക്കാതെ നടത്തുന്ന ഈ അഭിനന്ദനവും പ്രോത്സാഹനവുമാണ് പൊലീസ് സേനയുടെ പ്രൊഫഷനൽ വളർച്ചയെ തടസപ്പെടുത്തുന്നത്. കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ട് നിറുത്താനുമല്ലാതെ ആരെയും - അയാൾ എത്ര ഭീകരമായ പാതകം ചെയ്ത ആളാണെങ്കിൽ കൂടി - ശിക്ഷിക്കാൻ പൊലീസിന് അധികാരമില്ല. പൊലീസ് സ്വമേധയാ നടപ്പാക്കിയ ശിക്ഷയെല്ലാം - അടിയായാലും വെടിയായാലും ഉരുട്ടായാലും നരഹത്യയായാലും - നഗ്നമായ നിയമലംഘനവും കുറ്റകൃത്യവുമാണ്. കോടതിക്ക് മാത്രമേ ശിക്ഷ വിധിക്കാൻ അധികാരമുള്ളൂ. കൊലപാതകിയോ ഗുണ്ടയോ മാവോയിസ്റ്റോ രാജ്യദ്റോഹിയോ ഭീകരവാദിയോ ആരുമാകട്ടെ, പൊലീസിന് ശിക്ഷിക്കാൻ അധികാരവും അവകാശവുമില്ലെന്ന പാഠം, വൈകാരികമായ നിലപാടുകൾ കൊണ്ട് ചിലപ്പോഴൊക്കെ നാം മറന്നു പോകുന്നു. അപ്പോൾ കസ്റ്റഡി മരണങ്ങൾ പെരുകും. 'എൻകൗണ്ടർ കില്ലിംഗ്സ് " എന്ന ഓമനപ്പേരുള്ള കൊലപാതകങ്ങളുണ്ടാകും. നിയമം അനുവദിക്കാത്ത ഏതു കൃത്യത്തെയും എതിർക്കാനും അംഗീകരിക്കാതിരിക്കാനും നമുക്ക് ബാദ്ധ്യതയുണ്ട്. നമുക്കിഷ്ടമില്ലാത്തവനെ വെടിവച്ചു കൊന്ന പൊലീസ് കൊള്ളാം; നമുക്ക് വേണ്ടപ്പെട്ടയാളെ കൊന്ന പൊലീസ് മോശം എന്ന് തരംപോലെ മാറുന്ന നീതിബോധം എന്തുമാത്രം അപകടകരമാണെന്ന് തിരിച്ചറിയണം. അപ്പോഴേ നിയമവാഴ്ചയെ പിന്തുണയ്ക്കുന്ന പൗരന്മാരായി നമുക്ക് മാറാനാകൂ.