കുഞ്ഞുങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആകുലരാകാത്ത മാതാപിതാക്കൾ കാണില്ല. എല്ലാ അമ്മമാരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ അനിവാര്യമായ ആഹാരങ്ങളെക്കുറിച്ച്. പല കാരണങ്ങൾ കൊണ്ടും കുട്ടികളിൽ പകർച്ചവ്യാധികളും മറ്റ് പല വിധ രോഗങ്ങളും കണ്ടുവരാറുണ്ട്. കുട്ടികളുടെ ഇമ്യൂണിറ്റി അഥവാ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണകരമായ ഭക്ഷണങ്ങളെ അടുത്തറിഞ്ഞാലോ?
പപ്പായ
ദിവസം മുഴുവൻ ഊർജ്ജം പകരാൻ കുഞ്ഞുങ്ങളെ സഹായിക്കുന്ന ഒന്നാണിത്. കൂടാതെ പ്രതിരോധശേഷി കൂട്ടാനും പപ്പായ ഗുണകരമാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അണുബാധ തടയുന്നതിനും അസുഖങ്ങൾ വരാതിരിക്കാനും പപ്പായ ഉത്തമമാണ്.
വെളുത്തുള്ളി
കുട്ടി ജനിച്ച് ഏഴാം മാസം മുതൽ വെളുത്തുള്ളി നൽകാവുന്നതാണ്. മുറിവുകൾ പെട്ടെന്ന് കരിയുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി ഗുണകരമാണ്. കുട്ടികളുടെ ആഹാരത്തിൽ പതിവായി വെളുത്തുള്ളി ചേർക്കുന്നത് നല്ലതാണ്. എന്നാൽ അമിതമായി ഇത് നൽകുന്നത് ഒഴിവാക്കേണ്ടതും അനിവാര്യമാണ്.
ഇഞ്ചി
പതിവായി കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ഇടവിട്ടുള്ള പനിയിൽ നിന്നും മോചനം നൽകും. പനിക്കും ചുമയ്ക്കുമുള്ളൊരു ഉത്തമ പരിഹാരമാണിത്. എട്ടാം മാസം മുതൽ കുഞ്ഞുങ്ങൾക്കിത് നൽകാൻ കഴിയും. ദഹന പ്രശ്നങ്ങൾക്കും ഇത് നല്ലതാണ്.
തൈര്
കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമായ ധാരാളം പ്രോട്ടീനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. എട്ടുമാസം മുതൽ കുട്ടികൾക്ക് തൈര് നൽകാവുന്നതാണ്. തൈരിനൊപ്പം കൂടുതൽ പച്ചക്കറികൾ ചേർത്ത് കുട്ടികൾക്ക് നൽകുന്നതും അവരുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഗുണകരമാണ്.
പഴങ്ങൾ
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പഴങ്ങൾ നൽകുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചെറുപഴങ്ങൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയവ ശീലിച്ചതിന് ശേഷം മാത്രം സ്ട്രോബറി, ബ്ലാക്ക് ബെറികൾ, റാസ്ബെറി തുടങ്ങിയ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം.
ചീര
കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധ തടയുന്നതിനും ചീര വളരെയേറെ സഹായകമാണ്. അയൺ, വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ, ആൻറി ഓക്സിഡൻറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളൊരു പച്ചക്കറിയാണ് ചീര.
കാരറ്റ്
കുട്ടികളുടെ കാഴ്ചശക്തിയ്ക്കും, കണ്ണുകളുടെ വികസനത്തിനും കാരറ്റ് സഹായിക്കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും ഇത് ഫലപ്രദമാണ്. കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കുട്ടകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.