kaumudy-news-headlines

1. നയതന്ത്രബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്നും സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പല തവണ സ്വര്‍ണം കടത്തിയിട്ട് ഉണ്ടെന്നും അതിനാല്‍ പ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നുമുള്ള കസ്റ്റംസിന്റെ ആവശ്യം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ആയുള്ള കോടതി അംഗീകരിക്കുക ആയിരുന്നു. ഇന്ന് രാവിലെയാണ് റമീസിനെ ഈ കോടതിയില്‍ ഹാജരാക്കിയത്. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാള്‍ സമര്‍പ്പിക്കും. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസ് സ്വര്‍ണക്കടത്ത് റാക്കറ്റിലെ പ്രധാന ഏജന്റാണ്.


2. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം തമിഴ്നാട്ടിലേക്ക് എത്തിച്ച് പണം വാങ്ങി നല്‍കുന്നത് റമീസാണ്. സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടന്ന് റമീസ് സമ്മതിച്ചതായി കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയതില്‍ തന്റെ പങ്ക് കെ.ടി റെമീസ് സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സ്വപ്ന,സന്ദീപ്, സരിത് എന്നിവരുടെ പങ്കും റെമീസ് വെളിപ്പെടുത്തി. പ്രതികളുടെ ഇടപാടുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. എന്‍.ഐ.എയുടെ പിടിയിലായ സ്വപ്ന, സന്ദീപ് എന്നീ പ്രതികളെ വിട്ടുകിട്ടണമെന്ന് എന്‍.ഐ.എയും പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയെ ബാധിക്കുന്നതാണ് ഈ കള്ളക്കടത്ത്. വലിയ ഗൂഢാലോചന ഇതിലുണ്ട്. പ്രതികള്‍ക്കെതിരെ പ്രഥമദ്യഷ്ട തെളിവുണ്ടെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. തെളിവുകളടങ്ങുന്ന ചില രേഖകളും എന്‍.ഐ.എ ഹാജരാക്കി. പ്രതികളായ സ്വപ്നയെയും സന്ദീപിനെയും നേരിട്ട് ഹാജരാക്കാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കി.
3. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ ആണ് മൂല്യനിര്‍ണയം നടത്തിയത്. 88.78 ശതമാനമാണ് രാജ്യത്തെ വിജയ ശതമാനം. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചര ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം. 92.15 ശതമാനം പെണ്‍കുട്ടികളും, 86.15 ആണ്‍കുട്ടികളും, 66.67 ശതമാനം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 4,984 കേന്ദ്രങ്ങളിലായി 11,92,961 വിദ്യാര്‍ത്ഥികള്‍ ആണ് ഇത്തവണ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ എഴുതിയത്. സി.ബി.എസ്.ഇ സുപ്രീംകോടതിയില്‍ അറിയിച്ചതിലും രണ്ട് ദിവസം മുന്‍പാണ് ഫലം പ്രസിദ്ധീകരിച്ചത്. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം അറിയാം. അതേസമയം, സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും.
4. രാഷ്ട്രീയ ഭിന്നത ഉടലെടുത്ത രാജസ്ഥാനില്‍ സമവായ നീക്കം സജീവം. ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം നടത്തുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. ജയ്പൂരില്‍ അശോക് ഗെഹ്‌ലോട്ട് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷി യോഗത്തില്‍ 97 എം.എല്‍.എമാര്‍ പങ്കെടുത്തു. ബി.ജെ.പിക്ക് കുതിര കച്ചവടത്തിന് അവസരം നല്‍കില്ലെന്ന് സുജേവാല വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സമര്‍ദ്ദം ചെലുത്താന്‍ ആണ് ബി.ജെ.പി ശ്രമിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ സച്ചിന്‍ പൈലറ്റുമായി ആശയവിനിമയം നടത്തുന്നുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഇടയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി അടുപ്പമുള്ളവരുടെ വീട്ടില്‍ ആദായവകുപ്പിന്റെ റെയ്ഡ്. ഗെഹ്‌ലോട്ടിന്റെ അനുയായിയും കോണ്‍ഗ്രസ് നേതാവുമായ ദര്‍മേന്ദ്രര്‍ റാത്തോറിന്റെ വസതിയിലാണ് പരിശോധന.
5. ജ്വല്ലറി ഉടമയായ രാജീവ് അറോറയുടെ വീട്ടിലും റെയ്ഡ് നടന്നു. രാജസ്ഥാനിലേയും ഡല്‍ഹിയിലേയും 12ഓളം സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടന്നത് ആയാണ് റിപ്പോര്‍ട്ടുകള്‍. 200ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. അതേസമയം നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് ശേഷം എംഎല്‍എമാര്‍ സമ്മേളിക്കുന്ന ഹോട്ടല്‍ ഫെയര്‍മോണ്ടിലും പരിശോധന നടന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം റെയ്ഡ് ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് ആണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് റെയ്ഡ് ബി.ജെ.പിയുടെ കളിയാണെന്ന് ആരോപിക്കുന്നത്.
6. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് പുതിയ സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പുതിയ സമിതി രൂപീകരിക്കുന്നതു വരെ ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലെ താത്കാലിക ഭരണസമിതിക്ക് ക്ഷേത്രത്തിന്റെ ഭരണം തുടരാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
7. പുതിയ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചും സുപ്രീംകോടതി മാര്‍ഗ നിര്‍ദേശം നല്‍കി. സമിതി രൂപീകരിക്കുമ്പോള്‍ അഹിന്ദുകള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഈ സമതിക്ക് സ്വീകരിക്കാം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം രാജാവിന്റെ അനന്തര അവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി ആണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഗുരുവായൂര്‍ മാതൃകയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
8. എന്നാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടു വച്ചത്. സമിതിയുടെ അധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന് ആയിരിക്കണം എന്നും രാജാകുടുംബം നിര്‍ദേശിച്ചിരുന്നു.