1

ഇടുക്കി: രാജപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാപാർട്ടിയിൽ ബെല്ലി ഡാൻസ് ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടതിനാലെന്ന് ഉക്രെയിൻ നർത്തകി ഗ്ലിൻക വിക്ടോറിയ. സംഘാടകർ തന്നെ വിളിച്ചത് സിനിമ ഷൂട്ടിംഗിന്റെ റിഹേഴ്സലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടാണെന്ന് യുവതി പറഞ്ഞു.

റിസോർട്ടിൽ എത്തിയപ്പോഴാണ് വലിയ ആൾക്കൂട്ടത്തെ കണ്ടത്. പിന്നെ പിന്മാറാൻ കഴിഞ്ഞില്ല. അതേസമയം, താൻ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും യുവതി പറഞ്ഞു. നർത്തക സംഘം ഫോർട്ട് കൊച്ചിയിലായിരുന്നു താമസം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്താൻ കരാർ ഉണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ശാന്തമ്പാറയ്ക്ക് സമീപം രാജപ്പാറയിലെ സ്വകാര്യ റിസോർട്ടിലാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നൂറോളം പേർ പങ്കെടുത്ത നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത് . സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനടക്കം 48 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗ്രാനൈറ്റ് ക്വാറി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ പാർട്ടി നടത്തിയത്.