പൂന്തോട്ടം ഒരുക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പുൽമെത്തകൾക്ക് ചുറ്റും പൂത്തുലഞ്ഞു നിൽക്കുന്ന വിവിധ ഇനങ്ങളിലുള്ള പൂച്ചെടികൾ വീട്ടിലോരുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വെയിൽ അധികം ലഭിക്കാത്ത സ്ഥലങ്ങളിൽ ഷെയ്ഡ് ഗാർഡനും, വെള്ളം കുറവുള്ള സ്ഥലങ്ങളിൽ ഡ്രൈ ഗാർഡനും ഒരുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. സ്ഥലത്തിനും, മണ്ണിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ചെടികൾ വേണം പൂന്തോട്ടം തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്. സ്ഥലപരിമിതിയുള്ളിടത്ത് കുറച്ച് ചെടികൾ നടുന്നതാണ് നല്ലത്.
ഉദ്യാനം തയ്യാറാക്കും മുമ്പ് കൃത്യമായ പ്ലാനിങ്ങ് അനിവാര്യമാണ്. പൂന്തോട്ടത്തിൽ നടാനുള്ള ചെടികൾ, പുൽത്തകിടി, നടപ്പാത, അലങ്കാരക്കുളം തുടങ്ങിയവയുടെ കൃത്യമായോരു ലേഔട്ട് തയ്യാറാക്കുക. പൂന്തോട്ടത്തിൽ ഉൾക്കൊള്ളിക്കേണ്ട വിവിധ ഘടകങ്ങളെ കൂടുതലായി അറിഞ്ഞാലോ?
പുൽത്തകിടിയ്ക്കായി നമ്മുടെ നാട്ടിൽ സാധാരണയായി ഉപയോഗിച്ചു വരുന്നത് മെക്സിക്കൻ പുല്ലും, പാളപ്പുല്ലുമാണ്. നന്നായി പരിപാലിക്കാൻ കഴിയുമെങ്കിൽ മാത്രമെ മെക്സിക്കൻ പുൽത്തകിടി ഉപയോഗിക്കാവൂ.കൂടാതെ നല്ല വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ പുൽമെത്തകൾ നന്നായി വളരുകയുള്ളു. നിഴൽ കൂടിയ സ്ഥലങ്ങൾക്കനുയോജ്യം പാളപ്പുല്ലാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇവയിൽ കീടാണുശല്ല്യം വളരെ കുറവാണ്. എന്നാൽ പുൽമെത്തയിൽ നിരന്തരം ജലസേചനമുണ്ടെങ്കിൽ മാത്രമെ പച്ചപ്പ് നിലനിൽക്കുകയുള്ളു. ഇല്ലെങ്കിൽ ഇവ പെട്ടെന്ന് വാടി കരിയാനുള്ള സാദ്ധ്യത കൂടുതലാണ്.
ഇന്ന് മിക്ക ഉദ്യാനങ്ങളുടെയും പ്രധാന ആകർഷണം അലങ്കാര പൂച്ചെടികൾ ഉപയോഗിച്ചുള്ള അതിർത്തികളാണ്. നന്ദ്യാർവട്ടം, കോറിയോപ്സിസ്, കൊങ്ങിണി, പെന്റാസ്, കണവാഴ, ഹെലിക്കോണിയ തുടങ്ങിയ ചെടികളാണ് വെയിലുള്ള സ്ഥലത്ത് നടാൻ അനുയോജ്യം. എന്നാൽ ഷേഡ് ഗാർഡനിലേയ്ക്കായി കോസ്റ്റസ്, ആല്പീനിയ, ഒഫിയോപോഗൺ തുടങ്ങിയ ചെടികളാണ് നല്ലത്. പൂന്തോട്ടങ്ങൾക്കുള്ളിൽ തന്നെ വിവിധ ഡൈവേർഷൻസൊരുക്കാൻ ഇത്തരം അതിർവേലിച്ചെടികൾ സഹായിക്കും.
ഉദ്യാനത്തിന്റെ പ്രധാന ആകർഷണങ്ങളിലോന്നാണ് നടപ്പാത. നാടൻ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബ്, വെള്ളാരം കല്ലുകൾ തുടങ്ങിയവയ്ക്കൊപ്പം കോബിൾ സ്റ്റോൺ, ടെറാക്കോട്ട സ്ളാബ്, സെറാ സ്റ്റോൺ എന്നിവയും നടപ്പാതയ്ക്ക് മോടി കൂട്ടാൻ ഉപയോഗിക്കാം. ചുറ്റുമുള്ള പുൽത്തകിടികൾക്കും ചെടികൾക്കും അനുയോജ്യമായ തരത്തിൽ വേണം നടപ്പാത നിർമ്മിക്കാൻ. ഗാർഡന്റെ മദ്ധ്യത്തിലൂടെയുള്ള നടപ്പാത പൂന്തോട്ടങ്ങളുടെ പ്രധാന ആകർഷണമാണ്.
അലങ്കാരക്കുളം നിർമ്മിക്കാനായി കുറഞ്ഞത് 3-4 മണിക്കൂർ വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആമ്പൽ, താമര എന്നീ ജലസസ്യങ്ങളാണ് വീട്ടിലെ അലങ്കാരക്കുളം നിർമ്മിക്കാൻ അനുയോജ്യം. കൃത്യമായ ഇടവേളകളിൽ ഇലകൾ നീക്കം ചെയ്താൽ മാത്രമെ ഈ ചെടികൾ നന്നായി പൂവിടുകയുള്ളു.