പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണിന്ന്. അടുപ്പക്കാർക്ക് പ്രണവ് അവരുടെ പ്രിയപ്പെട്ട അപ്പുവാണ്. ജന്മദിനാശംസ നേർന്ന് സിനിമയ്‌ക്ക് അകത്തുംപുറത്തുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. 'എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്' പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഒരു സൂപ്പർതാരത്തിന്റെ മകൻ എന്ന ലേബലിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടാൽ പെരുമാറ്റത്തിലെ ലാളിത്യം തന്നെയാകാം അടുത്തറിയുന്നവർക്ക് പ്രണവിനെ പ്രിയങ്കരനാക്കുന്നത്. യാത്രയും പുസ്‌തകങ്ങളും ഏറെ ഇഷ്‌ടപ്പെടുന്ന താരത്തിന് ഒരുപക്ഷേ അഭിനയം പോലും അതെല്ലാം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പാകാം. വളർച്ചയിൽ അഭിമാനിക്കാനുള്ളത് മാത്രമാണ് പ്രണവ് തന്റെ പ്രിയപ്പെട്ടവർക്ക് നൽകിയതെന്ന് മകനെ കുറിച്ച് മോഹൻലാൽ കുറിച്ചതിന് കാരണവും മറ്റൊന്നുമല്ല.
ഒരു കുടുംബാംഗം എന്നപോലെ പ്രണവ് മോഹൻലാലിനെ മനസിലാക്കിയിട്ടുള്ള മറ്റൊരു വ്യക്തിയുണ്ട്. 35 വർഷത്തിലധികമായി മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള ഷൺമുഖൻ. അടുപ്പക്കാർക്ക് ഷൺമുഖണ്ണനാണ് അദ്ദേഹം.
പ്രണവിനെ കുറിച്ച് ഷൺമുഖണ്ണന് പറയാനുള്ളത് ഇതാണ്-
'അച്ഛനെ പോലെ കഴിവുണ്ട്. അച്ഛനെക്കാളും എന്ന് പറയുന്നത് തെറ്റല്ലേ? അച്ഛന്റെ കഴിവ് അച്ഛന് അറിയില്ലല്ലോ? അതുപോലെ തന്നെ ഈ മോന്റെ കഴിവും മോന് അറിയില്ല. എപ്പോഴും കാണുന്ന നമ്മൾക്കാണ് അത് കൂടുതൽ അറിയുന്നത്. എനിക്ക് അറിയാവുന്ന അത്രയും വേറെ ആർക്കും അറിയാൻ സാധ്യതയില്ല. മോൻ ജനിക്കുന്നതിന് മുമ്പേ കുടുംബത്തെ എനിക്ക് നന്നായി അറിയാവുന്നതല്ലേ? രാജമൗലിയെ പോലുള്ള സംവിധായകരുടെ നടനാണ് പ്രണവ് മോഹൻലാൽ എന്ന് ഞാൻ പറയും. മറ്റുള്ളവർക്ക് എത്രകണ്ട് ഈ കുഞ്ഞിനോട് അങ്ങനെ തോന്നണം എന്നറിയില്ല. എന്തുപറഞ്ഞാലും ഒന്നിനും മടിയില്ല. രണ്ടു മൂന്ന് സിനിമയെ ചെയ്‌തുള്ളുവെങ്കിലും അതിലെ എല്ലാ ഫൈറ്റും അപ്പു തനിയെ തന്നെ ചെയ്‌തതാണ്; ഒരു ഡ്യൂപ്പും ഉണ്ടായിരുന്നില്ല. അച്ഛന്റെ മോൻ തന്നെയാണ്. വിത്തുഗുണം പത്തുഗുണം എന്നുപറയുന്നതു പോലെ'.